/kalakaumudi/media/media_files/2025/09/12/binoy-2025-09-12-13-19-39.jpg)
ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്ന് 2023 ഡിസംബര്‍ 10നാണ് രാജ്യസഭാംഗമായിരിക്കെ ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തത്.
നിലവില്‍ സിപിഐ കേന്ദ്ര സെക്രട്ടറിയറ്റംഗവും എഐടിയുസി വര്‍ക്കിങ് പ്രസിഡന്റുമാണ്. സിപിഐ മുഖപത്രമായ ന്യൂ ഏജിന്റെ പത്രാധിപരുമാണ്.
മുന്‍ എംഎല്‍എയും കമ്യൂണിസ്റ്റ് നേതാവുമായ സി കെ വിശ്വനാഥന്‍, സി കെ ഓമന ദമ്പതികളുടെ മകനായി 1955 നവംബര്‍ 25ന് വൈക്കത്ത് ജനനനം. ബിഎ, എല്‍എല്‍ബി ബിരുദധാരിയാണ്. എഐഎസ്എഫിലൂടെ പൊതുരംഗത്തെത്തി. നാദാപുരത്ത് നിന്ന് രണ്ടുതവണ നിയമസഭയിലെത്തി. 2006-11ല്‍ എല്‍ഡിഎഫ് മന്ത്രിസഭയില്‍ വനം, ഭവന മന്ത്രിയായിരുന്നു. 2018 ജൂണില്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ഷൈല പി ജോര്‍ജാണ് ഭാര്യ. മക്കള്‍: രശ്മി ബിനോയ് (മാധ്യമപ്രവര്‍ത്തക), സൂര്യ ബിനോയ് (ഹൈക്കോടതി അഭിഭാഷക)