/kalakaumudi/media/media_files/2025/10/28/binoy-2025-10-28-18-05-13.jpg)
തിരുവനന്തപുരം: ജനങ്ങള്‍ എല്‍ഡിഎഫില്‍ നിന്ന് അകന്നുവെന്നും എന്നാല്‍, അടിത്തറ തകര്‍ന്നിട്ടില്ലെന്നും തിരിച്ചടിയില്‍ പാഠം പഠിച്ച് തിരുത്തി മുന്നോട്ടുപോകണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനായില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പ് വിധിയുടെ പാഠങ്ങള്‍ ഇടതുപക്ഷത്തിന് നിര്‍ണായകമാണെന്നും ബിനോയ് വിശ്വം വാര്‍ത്താസമ്മേളനത്തില്‍ തുറന്നുപറഞ്ഞു. മൂന്നാം ഭരണത്തിനായി കാലവിളംബരം ഇല്ലാതെ രംഗത്തിറങ്ങണം. ജനവിഭാഗങ്ങള്‍ എല്‍ഡിഎഫില്‍ നിന്ന് അകന്നതിന്റെ കാരണം കണ്ടെത്തണം. തിരുത്തല്‍ വരുത്താന്‍ എല്‍ഡിഎഫിന് കഴിയണം. ജനങ്ങളുമായി സത്യസന്ധമായ ആശയ വിനിമയമാണ് മാര്‍ഗം. ജനങ്ങള്‍ തന്നെയാണ് വലിയവന്‍. ഈ തിരിച്ചറിവോടെ ഇടതുപക്ഷം മുന്നോട്ട് പോകണമെന്നും സി പി ഐ യോഗങ്ങളില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമര്‍ശനമുണ്ടായെന്നും ബിനോയ് വിശ്വം തുറന്നുപറഞ്ഞു. ഒരു വിമര്‍ശനവും എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്താനല്ലെന്നും മാധ്യമങ്ങളില്‍ വന്ന കഥകള്‍ കേവലം കഥകള്‍ മാത്രമാണെന്നും എല്‍ഡിഎഫ് ശക്തിപ്പെടണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
അതിനുള്ള നയങ്ങളും നടപടികളും വേണം. തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വി അപ്രതീക്ഷിതമാണ്. തോല്‍വിയോടെ എല്ലാം തീര്‍ന്നുവെന്ന് കരുതുന്നില്ല. എല്‍ഡിഎഫും പാര്‍ട്ടിയും തെറ്റുകള്‍ തിരുത്തും. മൂന്നാം ഊഴം ഉറപ്പാണെന്നും വീടുകള്‍ സന്ദര്‍ശിച്ച് ജനങ്ങളുടെ അഭിപ്രായം മനസിലാക്കുമെന്നും ഭവന സന്ദര്‍ശനം തെറ്റുതിരുത്തല്‍ പ്രകിയയുടെ ഭാഗമാണെന്നും ബനോയ് വിശ്വം പറഞ്ഞു. ജനങ്ങളില്‍ നിന്നാണ് പാഠം പഠിക്കേണ്ടത്. ജനുവരി 15 മുതല്‍ 30 വരെയാണ് സി പി ഐയുടെ ഭവന സന്ദര്‍ശനം. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ ശശി തരൂര്‍, ദിഗ് വിജയ് സിങ്, സല്‍മാന്‍ ഖുര്‍ഷിദ് എന്നീ മൂന്നു പേര്‍ മനസുകൊണ്ട് ബിജെപിക്കാരാണ്. മതഭ്രാന്തിനോട് ഒരിക്കലും എല്‍ഡിഎഫ് സന്ധി ചെയ്യില്ല. ശബരിമലയിലെ സ്വത്ത് അപഹരിച്ചത് ആരായാലും അവരോട് വിട്ടുവീഴ്ചയില്ല. എസ്‌ഐ ടി അന്വേഷണം നിര്‍ബാധം മുന്നോട്ട് പോകണം. ഉപ്പു തിന്നവര്‍ ശിക്ഷിക്കപ്പെടണം. കെപി ശങ്കരദാസിന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.
സിപിഐ ചതിയന്‍ ചന്തുവാണെന്നും പത്തുവര്‍ഷം എല്ലാം നേടിയിട്ട് സര്‍ക്കാരിനെ തള്ളിപ്പറയുകയാണെന്നുമുള്ള വെള്ളാപ്പള്ളിയുടെ വിമര്‍ശനത്തിനും ബിനോയ് വിശ്വം മറുപടി നല്‍കി. വെള്ളാപ്പള്ളി നടേശനെ താന്‍ കാറില്‍ കയറ്റില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വെള്ളാപ്പള്ളയില്ല എല്‍ഡിഎഫ്. ഇടതു മുന്നണിക്ക് മാര്‍ക്കിടാന്‍ വെള്ളാപ്പള്ളിയെ ആരും ഏല്‍പിച്ചിട്ടില്ല. ചതിയന്‍ ചന്തു പ്രയോഗം ചേരുന്നത് അത് പറഞ്ഞയാള്‍ക്കാണ്. യഥാര്‍ഥ വിശ്വാസികളുമായി കൈകോര്‍ക്കും. വെള്ളാപ്പള്ളി യഥാര്‍ഥ വിശ്വാസിയാണോയെന്ന് മാധ്യമങ്ങള്‍ വിലയിരുത്തണമെന്നും ബിനോയ് വിശ്വം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
