സിപിഎമ്മിനോട് ഇനി മൃദുസമീപനമില്ല, ഭരണവിരുദ്ധവികാരം ചൂഷണം ചെയ്യാന്‍ ബിജെപി

തദ്ദേശ സ്വയംഭരണ സ്ഥാപന തെരെഞ്ഞെടുപ്പും നിയമസഭാ തെരെഞ്ഞെടുപ്പും അടുത്തുവരുന്ന സാഹചര്യത്തില്‍ ഭരണവിരുദ്ധവികാരം പരമാവധി ചൂഷണം ചെയ്യാനുള്ള നീക്കവുമായി ബിജെപി. കടുത്ത സിപിഎം വിരുദ്ധതയുമായി സര്‍ക്കാരിനെ ആക്രമിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. ഭരണവിരുദ്ധ വികാരത്തിന്റെ ഗുണഫലങ്ങള്‍ കോണ്‍ഗ്രസിലേക്ക് മാത്രം ചെല്ലുന്നതില്‍ ബിജെപി നേതൃത്വം അസ്വസ്ഥരാണ്

author-image
Sreekumar N
New Update
Rajeev Chandrasekhar

ശ്രീകുമാര്‍ മനയില്‍ 

തദ്ദേശ സ്വയംഭരണ സ്ഥാപന തെരെഞ്ഞെടുപ്പും  നിയമസഭാ തെരെഞ്ഞെടുപ്പും അടുത്തുവരുന്ന സാഹചര്യത്തില്‍ ഭരണവിരുദ്ധവികാരം  പരമാവധി ചൂഷണം ചെയ്യാനുള്ള നീക്കവുമായി ബിജെപി. കടുത്ത സിപിഎം വിരുദ്ധതയുമായി സര്‍ക്കാരിനെ ആക്രമിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. ഭരണവിരുദ്ധ വികാരത്തിന്റെ ഗുണഫലങ്ങള്‍ കോണ്‍ഗ്രസിലേക്ക് മാത്രം  ചെല്ലുന്നതില്‍ ബിജെപി നേതൃത്വം അസ്വസ്ഥരാണ്.  

വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍   തങ്ങള്‍ ലക്ഷ്യമിട്ടിട്ടുള്ള 4 മുതല്‍ 7 വരെ സീറ്റുകള്‍ നേടണമെങ്കില്‍  ഭരണവിരുദ്ധ വികാരം നന്നായി ചൂഷണം ചെയ്യാന്‍ കഴിയണമെന്ന് ബിജെപി നേതൃത്വം മനസിലാക്കിയിട്ടുണ്ട്. സിപിഎമ്മിനോട് മൃദുസമീപനം പുലര്‍ത്തുന്നുവെന്ന ആരോപണം കെ സുരേന്ദ്രന്‍ നേതൃത്വം നല്‍കിയ കമ്മിറ്റിക്ക് നേരെ ഉയര്‍ന്നിരുന്നു.  ഉപതെരെഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ഉദ്ദേശിച്ച ഫലം ഉണ്ടാക്കാന്‍ സാധിക്കാതിരുന്നത്  ഇതുകൊണ്ടാണെന്നും പാര്‍ട്ടി വിലയിരുത്തിയിട്ടുണ്ട്.
ഇനി അത്തരത്തിലൊരു ആക്ഷേപം ജനങ്ങളില്‍ നിന്നുണ്ടാകാന്‍ പാടില്ലന്ന് ബിജെപി നേതൃത്വം കരുതുന്നു. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അത്തരത്തിലൊരു നിലപാടുകാരനാണ്. സിപിഎം വിരുദ്ധതയായിരിക്കും ഇനികേരളത്തില്‍ ബിജെപിയുടെ മുഖമുദ്ര.  അതാണ് സിപിഎം ആക്രമണത്തിന് വിധേയമായി  കാലുകള്‍ നഷ്ടപ്പെട്ട സദാനന്ദന്‍ മാസ്റ്ററെ  രാജ്യസഭയിലേക്കയക്കാന്‍ ബിജെപി തിരുമാനിച്ചത്. സിപിഎമ്മുമായി തങ്ങള്‍ കടുത്ത  രാഷ്ട്രീയപോരാട്ടത്തിലാണ് എന്ന്  തുറന്ന് പ്രഖ്യാപിക്കുന്ന   നിലപാടാണ് സദാനന്ദന്‍ മാസ്റ്ററുടെ  രാജ്യസഭാ  പ്രവേശനത്തിലൂടെ ബിജെപി ലക്ഷ്യം  വച്ചത്.


ഇതിലൂടെ വരുന്ന തെരെഞ്ഞെടുപ്പില്‍  കേരളത്തില്‍ ആര്‍എസ്എസ് അണികളുടെ സമ്പൂര്‍ണ്ണ സഹകരണവും ബിജെപി നേതൃത്വം ലക്ഷ്യം വയ്കുന്നുണ്ട്.  ആര്‍എസ്എസ്  നേതൃത്വവും സംസ്ഥാന ബിജെപി നേതൃത്വവും തമ്മില്‍ കുറച്ച് കാലമായി അകല്‍ച്ചയിലായിരുന്നു.  സാധാരണ ആര്‍ എസ് എസ് ബിജെപിയിലേക്ക് ഓര്‍ഗനൈസിംഗ് സെക്രട്ടറിമാരെ നിയോഗിക്കാറുണ്ട്. എന്നാല്‍ കുറെക്കാലമായി അത്തരത്തില്‍ സെക്രട്ടറിമാരെ ആര്‍എസ്എസ് നിയോഗിച്ചിട്ടില്ല. ബിജെപി സംസ്ഥാന നേതൃത്വവുമായി സ്വരചേര്‍ച്ചയില്ലാത്തത് കൊണ്ടാണ് ഇത് സംഭവിക്കാതിരുന്നത്.
സ്വര്‍ണ്ണക്കടത്ത്  കേസുള്‍പ്പെടെയുള്ളവയില്‍ സിപിഎമ്മിനോട് മൃദുസമീപനം പുലര്‍ത്തിയത് ശരിയായില്ലന്ന അഭിപ്രായം ബിജെപിക്കകത്തുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര ബിജെപി നേതൃത്വത്തിനും വലിയ  വീഴ്ചപറ്റിയെന്ന അഭിപ്രായം പല നേതാക്കള്‍ക്കുമുണ്ട്.

പിണറായിയുടെ ബിടീമെന്ന   പേരുവീണത് ബിജെപിക്ക് വലിയ തിരിച്ചടിയായി മാറിയെന്നാണ് കരുതപ്പെടുന്നത്. സിപിഎമ്മിനോട് മൃദുസമീപനം തുടര്‍ന്നാല്‍ ഭരണവിരുദ്ധ വികാരം മുതലെടുത്ത് കോണ്‍ഗ്രസും യുഡിഎഫും നേട്ടമുണ്ടാക്കുമെന്ന് ബിജെപി ഭയക്കുന്നുണ്ട്.  കേരളത്തില്‍ ഒരു കോണ്‍ഗ്രസ് ഭരണം വരുന്നതില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്  യാതൊരു താല്‍പ്പര്യവുമില്ല. ഇത് മുന്‍നിര്‍ത്തി പൂര്‍ണ്ണമായും സിപിഎം വിരുദ്ധ പാര്‍ട്ടിയായി മാറി ഭരണവിരുദ്ധ  വികാരത്തിന്റെ ഗുണഫലങ്ങള്‍ കൊയ്യാനുള്ള നീക്കമാണ് ബിജെപി നേതൃത്വം നടത്തുന്നത്.