/kalakaumudi/media/media_files/2025/10/23/modi-2025-10-23-16-37-08.jpg)
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുന്‍കൂട്ടി കളത്തിലിറങ്ങാന്‍ ബിജെപി. തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിച്ചതുള്‍പ്പെടെ നല്‍കിയ ആത്മവിശ്വാസത്തിന്റെ ബലത്തിലാണ് ബിജെപി മുന്നിട്ടിറങ്ങുന്നത്. 'മിഷന്‍ 2026' എന്ന പേരിലാണ് ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ അണിയിച്ചൊരുക്കുന്നത്. ജനുവരിയില്‍ കേരളം സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കും. 45 വര്‍ഷത്തെ ഇടതുഭരണം അവസാനിപ്പിച്ച് ബിജെപി അധികാരം പിടിച്ച തിരുവനന്തപുരം കോര്‍പ്പറേഷന്‍ വികസനത്തിനായുള്ള പ്രത്യേക മാസ്റ്റര്‍ പ്ലാന്‍ പ്രഖ്യാപനവും മോദി നടത്തുമെന്നാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്.
കേരളത്തിലെ മുഴുവന്‍ മണ്ഡലങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം, ജയിക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് ബി.ജെ.പിയുടെ തീരുമാനം. ഇതിനായി കഴിഞ്ഞ നിയമസഭാ- ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ മുന്നേറ്റമുണ്ടാക്കിയ എ ക്ലാസ് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാകും ഇത്തവണ പ്രവര്‍ത്തനം. ബിജെപിക്ക് ജയിക്കാന്‍ സാധ്യതയുള്ളവയെന്ന് പാര്‍ട്ടി വിലയിരുത്തുന്ന മണ്ഡലങ്ങളാണ് എ ക്ലാസ് മണ്ഡലങ്ങള്‍. നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, തൃശ്ശൂര്‍, പാലക്കാട് തുടങ്ങി 10 മണ്ഡലങ്ങളില്‍ വിജയിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ബിജെപി രൂപം കൊടുത്തിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് വിഹിതത്തില്‍ ഒന്നാമതെത്തിയ മണ്ഡലങ്ങളില്‍ വിജയമുറപ്പിക്കാന്‍ കടുത്ത മത്സരം കാഴ്ചവയ്ക്കുന്ന സ്ഥാനാര്‍ഥികളെത്തും.
കേരളത്തില്‍ ബിജെപിക്ക് ജയിക്കാന്‍ സാധിക്കുമെന്ന വിശ്വാസം ജനങ്ങളില്‍ ഉണ്ടായിട്ടുണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. ബിജെപിക്ക് വോട്ട് ചെയ്യുന്നതിലുണ്ടായിരുന്ന അകല്‍ച്ച ജനങ്ങളില്‍ നിന്ന് പതിയെ മാറിത്തുടങ്ങിയെന്നാണ് ബിജെപി വിലയിരുത്തുന്നത്. തൃശ്ശൂരിലെ ലോക്സഭാ വിജയവും തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഭരണവും ഇതിന്റെ തെളിവായാണ് ബിജെപി കാണുന്നത്. ജനുവരി 3-ന് ചേരുന്ന മുതിര്‍ന്ന നേതാക്കളുടെ യോഗത്തില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് അന്തിമരൂപം നല്‍കും. നിയമസഭയില്‍ അക്കൗണ്ട് തുറക്കുക മാത്രമല്ല, കേരളത്തിലെ ഭരണം ആര് നിര്‍ണ്ണയിക്കണം എന്ന് തീരുമാനിക്കുന്ന നിര്‍ണ്ണായക ശക്തിയായി മാറാനാണ് 'മിഷന്‍ 2026'-ലൂടെ ബിജെപി ലക്ഷ്യമിടുന്നത്.
അതേസമയം തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടുവിഹിതം കുറഞ്ഞത് ബിജെപിയെ ആശങ്കപ്പെടുത്തുന്നുണ്ട്. അത് മറികടന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ വോട്ട് വിഹിതം ഉറപ്പിക്കാനുള്ള തന്ത്രങ്ങളുമൊരുക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
