New Update
00:00
/ 00:00
ന്യൂഡൽഹി: കേരളത്തിലെ ബിജെപി നേതൃത്വം ഇപി ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കളുമായി ചർച്ച നടത്തിയെന്ന അവകാശവാദം പരസ്യമാക്കിയതിൽ ബിജെപി കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി. മറ്റ് പാർട്ടികളിലെ നേതാക്കൾ പാർട്ടി പ്രവേശനവുമായി ബന്ധപ്പെട്ട് ഇനി ബിജെപിയുമായി ചർച്ച നടത്താൻ മടിക്കുമെന്ന് കേന്ദ്രനേതൃത്വം അഭിപ്രായപ്പെട്ടതായാണ് റിപ്പോർട്ട്. പാർട്ടി സംസ്ഥാന നേതൃത്വം കൈകാര്യം ചെയ്യുന്ന പല വിഷയങ്ങളും തുടർച്ചയായി പാളിപ്പോകുന്നതായും കേന്ദ്രനേതൃത്വത്തിന് അഭിപ്രായമുണ്ട്.
ദല്ലാൾ നന്ദകുമാർ ബിജെപി നേതാവ് ശോഭ സുരേന്ദ്രനെ തിരെ 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന ആരോപണമുന്നയിച്ചതിനെ തുടർന്നാണ് ഇപി ജയരാജനും ബിജെപി നേതൃത്വവും തമ്മിൽ നടന്നുവെന്ന് പറയുന്ന ചർച്ച പുറത്തായത്. ചർച്ച സംഭവിച്ച വിവരം ശോഭ സുരേന്ദ്രൻ പുറത്ത് വിടുകയായിരുന്നു. തുടർന്ന് ചർച്ച നടന്നുവെന്നും സംസ്ഥാന നേതൃത്വത്തിൻ്റെ അറിവോടെയായിരുന്നുവെന്നും സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ വ്യക്തമാക്കുകയും ചെയ്തു. ഇതിന് പിന്നാലെ പാർട്ടി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ താൻ ജയരാജനെ കണ്ടതായി സമ്മതിക്കുകയും ചെയ്തു.
സംഭവം വിവാദമായപ്പോൾ ദല്ലാൾ നന്ദകുമാറിനൊപ്പം പ്രകാശ് ജാവദേക്കർ തിരുവനന്തപുരത്തെ വീട്ടിലെത്തിയതായി മാധ്യമങ്ങളോട് വ്യക്തമാക്കി. ദല്ലാൾ നന്ദകുമാറിൻ്റെ കെണിയിൽ മൂന്ന് നേതാക്കളും വീണ് പോയതായാണ് കേന്ദ്രനേതൃത്വത്തിൻ്റെ നിരീക്ഷണം. എന്നാൽ ഇതേ നന്ദകുമാർ ബിജെപി ദേശീയ സെക്രട്ടറിയും പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയുമായ അനിൽ ആൻ്റണിക്കെതിരെ ആരോപണമുന്നയിച്ചപ്പോൾ വളരെ പക്വതയോടെ, വിവാദം കത്തിപ്പടരാൻ ഇടയാക്കാതെ വിഷയം കൈകാര്യം ചെയ്തതായും കേന്ദ്രനേതൃത്വം വിലയിരുത്തുന്നു.