/kalakaumudi/media/media_files/2026/02/08/bjpkochi-2026-02-08-09-27-46.jpg)
തൃശ്ശൂര്‍: സംസ്ഥാനത്ത് എന്‍.ഡി.എ.യുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വന്നാലേ വികസിത കേരളമെന്ന ലക്ഷ്യം കൈവരിക്കാനാകൂവെന്ന് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍. കേന്ദ്രബജറ്റുമായി ബന്ധപ്പെട്ട് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായി തൃശ്ശൂരില്‍ നടത്തിയ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള വികസനത്തിനായി സാധ്യമായതെല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്യുന്നുണ്ട്. ഓരോ വര്‍ഷവും റെയില്‍വേ ബജറ്റിലടക്കം കേരളത്തിന് തുക അനുവദിക്കുന്നുണ്ട്. ടൂറിസം അടക്കമുള്ള മേഖലകളില്‍ കേരളത്തില്‍ വികസനം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്യന്‍ യൂണിയനുമായുള്ള കരാര്‍ രാജ്യത്തിന്റെ വളര്‍ച്ച വര്‍ധിപ്പിക്കും. വിവിധ രാജ്യങ്ങള്‍ ഇന്ത്യയുമായി കൂടുതല്‍ കരാറുകളില്‍ എത്തും. ലോകത്തെ പല രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥ താഴേക്ക് പോകുമ്പോള്‍ ഇന്ത്യയുടേത് കുതിപ്പിലാണ്.
പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണമാണ് ഈ കുതിപ്പിന് കാരണം. സ്റ്റാര്‍ട്ടപ്പ്, മേക്ക് ഇന്‍ ഇന്ത്യ തുടങ്ങിയ പദ്ധതികള്‍ രാജ്യത്തെ ശക്തിപ്പെടുത്തി. വിവിധ പദ്ധതികളിലൂടെ രാജ്യത്തെ യുവാക്കള്‍ തൊഴില്‍ ദാതാക്കളായി. ഇതാണ് രാജ്യത്തിന്റെ ശക്തി. ദേശസുരക്ഷയിലും വിട്ടുവീഴ്ച ചെയ്യാതെ പുരോഗതി നേടുകയാണ്. പ്രതിരോധമേഖലയ്ക്കായി ഏറ്റവും ഉയര്‍ന്ന തുകയാണ് സര്‍ക്കാര്‍ മാറ്റിവെച്ചതെന്നും നിതിന്‍ നബീന്‍ അവകാശപ്പെട്ടു.
ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷനായി. കേന്ദ്രമന്ത്രി സുരേഷ്ഗോപി, മുതിര്‍ന്ന ബി.ജെ.പി. നേതാവ് പ്രകാശ് ജാവ്ദേക്കര്‍, ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെ, ദേശീയ കൗണ്‍സില്‍ അംഗം വി. മുരളീധരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എസ്. സുരേഷ്, ശോഭാ സുരേന്ദ്രന്‍, സംസ്ഥാന സെക്രട്ടറി എം.വി. ഗോപകുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍, സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
