/kalakaumudi/media/media_files/2025/07/12/amit-2025-07-12-15-36-01.jpg)
തിരുവനന്തപുരം: കേരളത്തില്‍ ബിജെപിയുടെ ഭാവി ശോഭനമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തിരുവനന്തപുരത്ത് ബിജെപി നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനഞ്ച് വര്‍ഷമായി കേരളത്തെ വീക്ഷിക്കുന്നുണ്ട്. ഇവിടുത്തെ രാഷ്ട്രീയം മനസിലാക്കുന്നു. ബിജെപിയുടെ ലക്ഷ്യം കേരളത്തിന്റെ വികസനം ആണെന്നും സിപിഎമ്മിന്റെ ലക്ഷ്യം അണികളുടെ വികസനമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
പിണറായി വിദേശത്ത് പോയിരിക്കുകയാണെന്നും ഇവിടെ ബിജെപിയുടെ വലിയ സമ്മേളനം നടക്കുന്നുണ്ടെന്ന് അദ്ദേഹം അറിയണമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫിനും യുഡിഎഫിനും അഴിമതിയുടെ ചരിത്രമാണുള്ളത്. രാജ്യത്തെ ഏറ്റവും വലിയ അഴിമതിയാണ് സ്വര്‍ണ്ണക്കടത്ത്. യുഡിഎഫും അഴിമതിയുടെ കാര്യത്തില്‍ പിന്നിലല്ല. സോളാര്‍ അടക്കമുള്ള ആരോപണങ്ങളും അമിത് ഷാ ചൂണ്ടിക്കാട്ടി
കേരളം എല്‍ഡിഎഫിനും യുഡിഎഫിനും നിരവധി അവസരം നല്‍കി. അക്രമവും അഴിമതിയും പ്രീണനവുമാണ് തിരികെ നല്‍കിയത്. കേരളത്തില്‍ തഴച്ചുവളര്‍ന്ന മത തീവ്രവാദ രാഷ്ട്രീയത്തിന് തടയിട്ടത് നരേന്ദ്രമോദി സര്‍ക്കാരാണ്. പിഎഫ്ഐക്കെതിരെ എന്ത് നടപടിയാണ് കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരെടുത്തത്. മാറ്റം വേണമെങ്കില്‍ ബിജെപിയെ വിജയിപ്പിക്കണം. 2026ല്‍ കേരളത്തില്‍ ബിജെപി അധികാരത്തില്‍ എത്തും. നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങാനും പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി
കേരളത്തില്‍ യഥാര്‍ത്ഥ വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം. എല്‍ഡിഎഫും യുഡിഎഫും മാറി വന്നിട്ട് കാര്യമില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ 25 ശതമാനത്തിലധികം വോട്ടുകള്‍ നേടണം. ഇന്ന് മുതല്‍ നവംബര്‍ വരെയുള്ള സമയം ബിജെപിയുടെ വികസിത കേരള സ്വപ്നത്തിന് വേണ്ടി സമര്‍പ്പിക്കാന്‍ തയ്യാറാണോയെന്ന് അമിത് ഷാ അണികളോട് ചോദിച്ചു