പി.സി. ജോര്‍ജിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

ഇത്തരത്തില്‍ എല്ലാവരും കോടതി ഉത്തരവുകള്‍ ലംഘിച്ചാല്‍ എന്തു ചെയ്യും? പി.സി.ജോര്‍ജ് പത്തു നാല്‍പ്പതു കൊല്ലമായി പൊതുപ്രവര്‍ത്തകനും എംഎല്‍എയുമൊക്കെ ആയിരുന്നില്ലേ? അത്തരമൊരാള്‍ എങ്ങനെയാണ് കോടതി ഉത്തരവ് ലംഘിക്കുന്നതെന്നും ചോദിച്ച ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ ചോദിച്ചു. ജാമ്യാപേക്ഷയില്‍ ബുധനാഴ്ച വിധി പറയാമെന്നു വ്യക്തമാക്കി.

author-image
Biju
New Update
af

കൊച്ചി: മതവിദ്വേഷ പരാമര്‍ശത്തില്‍ മുന്‍കൂര്‍ ജാമ്യം തേടിയ ബിജെപി നേതാവ് പി.സി.ജോര്‍ജിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഇത്തരത്തിലുള്ള പ്രസ്താവനകള്‍ പുറപ്പെടുവിക്കരുത് എന്നിവയടക്കം മുന്‍പ് ജാമ്യം നല്‍കിയപ്പോള്‍ ചുമത്തിയ വ്യവസ്ഥകളുടെ ലംഘനമാണ് പി.സി.ജോര്‍ജ് നടത്തിയിരിക്കുന്നത് എന്നു കോടതി ചൂണ്ടിക്കാട്ടി. 

ഇത്തരത്തില്‍ എല്ലാവരും കോടതി ഉത്തരവുകള്‍ ലംഘിച്ചാല്‍ എന്തു ചെയ്യും? പി.സി.ജോര്‍ജ് പത്തു നാല്‍പ്പതു കൊല്ലമായി പൊതുപ്രവര്‍ത്തകനും എംഎല്‍എയുമൊക്കെ ആയിരുന്നില്ലേ? അത്തരമൊരാള്‍ എങ്ങനെയാണ് കോടതി ഉത്തരവ് ലംഘിക്കുന്നതെന്നും ചോദിച്ച ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ ചോദിച്ചു. ജാമ്യാപേക്ഷയില്‍ ബുധനാഴ്ച വിധി പറയാമെന്നു വ്യക്തമാക്കി.

ടെലിവിഷന്‍ ചര്‍ച്ചക്കിടെ മതവിദ്വേഷ പരാമര്‍ശം അബദ്ധത്തില്‍ പറഞ്ഞു പോയതാണ് പി.സി.ജോര്‍ജ് എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. അപ്പോള്‍ തന്നെ മാപ്പും പറഞ്ഞു. മാത്രമല്ല, മുന്‍ ജാമ്യ ഉത്തരവ് ലംഘിച്ചിട്ടില്ല. പ്രസ്താവനയോ പ്രസംഗമോ നടത്തരുത് എന്നാണ് മുന്‍ ഉത്തരവില്‍ പറയുന്നത്. ഇത് ടെലിവിഷനിലെ ഒരു ചര്‍ച്ചക്കിടെ പ്രകോപിതനായപ്പോള്‍ അബദ്ധത്തില്‍ പറഞ്ഞു പോയതാണ് എന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും അഭിഭാഷകന്‍ വാദിച്ചു.

എന്നാല്‍ പി.സി.ജോര്‍ജ് തുടര്‍ച്ചയായി ഇത്തരം പ്രസ്താവനകള്‍ നടത്തുന്നുണ്ടെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. മജിസ്‌ട്രേറ്റ് കോടതിയുടെ ജാമ്യ ഉത്തരവ് ലംഘിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 2022ല്‍ ഹൈക്കോടതി മറ്റൊരു വിവാദമായ കേസില്‍ ജാമ്യം നല്‍കിയപ്പോള്‍ ഇത്തരം പ്രസ്താവനകള്‍ നടത്തരുതെന്ന് നിര്‍ദേശിച്ചിരുന്നു. 

അതിന്റെ നഗ്‌നമായ ലംഘനമാണ് നടന്നിരിക്കുന്നത്. കോടതി ഉത്തരവുകള്‍ ലംഘിച്ചാലും പ്രശ്‌നമില്ല എന്ന തരത്തിലാണ് പി.സി.ജോര്‍ജ് പെരുമാറുന്നത് എന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. പി.സി.ജോര്‍ജ് നടത്തിയ ഇതരമത വിദ്വേഷ പ്രസ്താവനയും മുഴുവനായി കോടതിയില്‍ വാദിച്ചു.

ഇതോടെയാണു താന്‍ കേസിന്റെ കാര്യങ്ങളിലേക്ക് കടക്കുന്നില്ലെന്നും എന്നാല്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചത് ഗൗരവപ്പെട്ട കാര്യം തന്നെയാണെന്നും കോടതി ചൂണ്ടിക്കാട്ടിയത്. പി.സി.ജോര്‍ജ് ഒരു സാധാരണക്കാരനല്ല. ഇത്ര കാലത്തെ പരിചയസമ്പത്തുമുള്ള ആളാണ്. ഇനിയും ഇത്തരം കാര്യങ്ങള്‍ പറയില്ല എന്നതിന് എന്താണ് ഉറപ്പ്? ജാമ്യവ്യവസ്ഥ ഒക്കെ ലംഘിക്കാം, കോടതി ഒന്നും ചെയ്യില്ല എന്നല്ലേ പി.സി.ജോര്‍ജിനെ കാണുന്ന ജനങ്ങള്‍ക്ക് തോന്നൂ. 

അവരും നാളെ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയാല്‍ എന്താകും സ്ഥിതി എന്നും കോടതി ചോദിച്ചു. ഇതോെടയാണ് ഇക്കാര്യം പറഞ്ഞിട്ടും നാട്ടില്‍ മോശമായി ഒന്നും സംഭവിച്ചില്ലെന്നും ആളുകള്‍ ചിരിച്ചു കളയുകയാണ് ചെയ്തത് എന്നും അഭിഭാഷകന്‍ പരാമര്‍ശിച്ചത്.

ഏതെങ്കിലും വിധത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കാനായിരുന്നില്ല പി.സി.ജോര്‍ജ് ശ്രമിച്ചതെന്ന് അഭിഭാഷകന്‍ വീണ്ടും വാദിച്ചു. കോടതി ഉത്തരവ് ലംഘിക്കണമെന്നു വിചാരിച്ചു പറഞ്ഞ കാര്യങ്ങളല്ല. ചര്‍ച്ചക്കിടെ സംഭവിച്ചുപോയ അബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നാണ് ബുധനാഴ്ച ഉത്തരവു പ്രഖ്യാപിക്കാനായി മാറ്റിയത്.

 

kerala highcourt kerala high court p c george