പിആർ ഏജൻസിയെ കുറ്റപ്പെടുത്തുന്നത് ശുദ്ധ കളവ്: കെ സുധാകരൻ

എന്തെല്ലാം അദ്ദേഹം തള്ളിപ്പറയുന്നു. 1970 മുതൽ ബിജെപിയുമായി പിണറായിക്ക് സുദൃഢമായ ബന്ധമാണുള്ളത്. പല തവണ ജയിലിൽ പോകാതെ രക്ഷപ്പെട്ടയാളാണ് മുഖ്യമന്ത്രിയെന്നും സുധാകരൻ പറഞ്ഞു.

author-image
Anagha Rajeev
New Update
k sudhakaran

വയനാട്: പി ആർ ഏജൻസിയെ കുറ്റപ്പെടുത്തുന്നത് ശുദ്ധ കളവെന്ന് മുഖ്യമന്ത്രിയുടെ ദ ഹിന്ദു ദിനപത്രത്തിലെ അഭിമുഖ വിവാദത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അഭിമുഖത്തിൽ പറഞ്ഞതെല്ലാം മുഖ്യമന്ത്രി കൊടുത്തതുതന്നെയാണ്. എന്തെല്ലാം അദ്ദേഹം തള്ളിപ്പറയുന്നു. 1970 മുതൽ ബിജെപിയുമായി പിണറായിക്ക് സുദൃഢമായ ബന്ധമാണുള്ളത്. പല തവണ ജയിലിൽ പോകാതെ രക്ഷപ്പെട്ടയാളാണ് മുഖ്യമന്ത്രിയെന്നും സുധാകരൻ പറഞ്ഞു.

മുഖ്യമന്ത്രി ബിജെപിയുടെ നിലപാട് ഏറ്റു പറയുകയാണ്. പി ശശിയെ പോലൊരാളെ വീണ്ടും എന്തിന് ഉന്നതസ്ഥാനത്ത് കൊണ്ടുവന്നു? പിണറായിയുടെ തലയ്ക്ക് വെളിവില്ല. ബുദ്ധി സ്ഥിരതയുള്ള ഒരാൾ പി ശശിയെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരുത്തില്ല. മുഖ്യമന്ത്രി സ്വത്തുണ്ടാക്കാൻ മാത്രം ശ്രമിക്കുകയാണ്. മുഖ്യമന്ത്രി രാജിവെച്ചു പോകേണ്ട സമയം കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. അൻവറിൻ്റെ പാർട്ടിയെ കുറിച്ച് ഇപ്പോൾ പറയാനില്ലെന്നും കോൺഗ്രസിനോ യുഡിഎഫിനോ ആശങ്കയില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖത്തിലെ മലപ്പുറം പരാമർശത്തിൽ വെട്ടിലായിരിക്കുകയാണ് സർക്കാരും സിപിഐഎമ്മും. പരാമർശം വിവാദമായതോടെ പ്രതിപക്ഷം സർക്കാരിനെതിരെ ഇത് ആയുധമാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ അനുവാദമില്ലാതെയാണ് പിആർ ഏജൻസി അഭിമുഖം നൽകിയതെങ്കിൽ കേസെടുക്കാൻ തയ്യാറാണോ എന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വെല്ലുവിളിച്ചത്.

പി ആർ ഏജൻസി ഓഫർ ചെയ്താണ് ഹിന്ദു പത്രം അഭിമുഖത്തിന് തയ്യാറാവുന്നത്. അഭിമുഖ ഭാഗം മുഖ്യമന്ത്രിയുടെ അനുവാദത്തോടെ എഴുതിക്കൊടുത്തതാണ്. അല്ലായെങ്കിൽ ഗുരുതരകുറ്റമാണെന്നും കേസെടുക്കാത്തതെന്തെന്നും പ്രതിപക്ഷം ആഞ്ഞടിച്ചു. ഏജൻസി മുഖ്യമന്ത്രിക്ക് വേണ്ടിയാണ് അഭിമുഖത്തിന് എത്തിയത്. സ്വർണക്കടത്തിനെ കുറിച്ച് ആദ്യം ആരോപണം ഉന്നയിച്ചത് പ്രതിപക്ഷമാണ്.  അഭിമുഖ സമയത്ത് ആരാണ് കൂടെ നിന്നത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അവിടെ വന്ന രണ്ടുപേർക്കു മുഖ്യമന്ത്രിയുമായി എന്ത് ബന്ധമാണുള്ളതെന്നും മുഖ്യമന്ത്രി പറയണം. മുഖ്യമന്ത്രിയെ ഭരിക്കുന്നത് ഭയമാണെന്നും വി ഡി സതീശനും പറഞ്ഞു.

k sudhakaran