![bobby chemmanur](https://img-cdn.thepublive.com/fit-in/1280x960/filters:format(webp)/kalakaumudi/media/media_files/2025/01/08/toTJMHQzfI8wuzSy2PIa.jpg)
നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയില്‍ അറസ്റ്റ് രേഖപ്പെടുത്തുന്നതിനായി കൊച്ചി സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനിലെത്തിച്ചപ്പോഴും യാതൊരു ഭാവഭേദവും ഇല്ലാതെ വ്യവസായി ബോബി ചെമ്മണൂര്‍. കനത്ത പോലീസ് കാവലിലാണ് ബോബി ചെമ്മണ്ണൂരിനെ സ്‌റ്റേഷനിലെത്തിച്ചത്. ചുറ്റും കൂടിയ മാധ്യമപ്രവര്‍ത്തകരോട് താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു ബോബി ചെമ്മണൂരിന്റെ പ്രതികരണം. വയനാട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ബോബിയെ പോലീസ് ജീപ്പില്‍ രാത്രി ഏഴോടെയാണ് കൊച്ചിയിലെത്തിച്ചത്.
പോലീസ് ജീപ്പിനുള്ളിലും അറസ്റ്റില്‍ യാതൊരു കൂസലുമില്ലാതെ ചിരിയോടെയാണ് ബോബി ചെമ്മണൂര്‍ നിന്നത്. പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചപ്പോഴും ഭാവമാറ്റവുമില്ലാതെ ചിരിച്ചുകൊണ്ടായിരുന്നു തെറ്റൊന്നും ചെയ്തിട്ടില്ലെന്ന മറുപടി.
ബോബി ചെമ്മണൂരിന്റെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു. ബോബി ചെമ്മണൂര്‍ ഉപയോഗിച്ചിരുന്ന ഐ ഫോണ്‍ ആണ് പിടിച്ചെടുത്തത്. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു. അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ ഇന്ന് തന്നെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും.