/kalakaumudi/media/media_files/2024/12/13/k23RRQTLMXO3UW7JkxNn.jpg)
തിരുവനന്തപുരം നെടുമങ്ങാട് കരകുളം പി.എ. അസീസ് എന്‍ജിനീയറിംഗ് കോളജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. പണിതീരാത്ത കെട്ടിടത്തിനുള്ളിലെ ഹാളിലാണ് ചൊവ്വാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. കോളജ് ഉടമ മുഹമ്മദ് അബ്ദുള്‍ അസീസ് ത്വാഹയുടെ മൃതദേഹമാണെന്നാണു സൂചന. 80 ശതമാനവും കത്തിയതിനാല്‍ ആളെ തിരിച്ചറിഞ്ഞിട്ടില്ല.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കടബാധ്യതയുള്ളതായി ഉടമ തന്നോട് പറഞ്ഞിരുന്നുവെന്നും മന്ത്രി ജിആര്‍ അനില്‍ പറഞ്ഞു. കടബാധ്യതയെ കുറിച്ച് അസീസ് ത്വാഹ പറഞ്ഞപ്പോള്‍ കോളജ് സന്ദര്‍ശിക്കാമെന്ന് മറുപടി നല്‍കി. വയനാട് തിരഞ്ഞെടുപ്പും മറ്റ് തിരക്കുകളും കാരണം എത്താനായില്ല. സാഹചര്യം കണക്കിലെടുക്കുമ്പോള്‍ മരിച്ചത് കോളജ് ഉടമ തന്നെയാകാനാണ് സാധ്യതയെന്നും മന്ത്രി പറഞ്ഞു. ഇദ്ദേഹം പണം തിരികെ നല്‍കാനുള്ളവര്‍ വന്ന് ബഹളമുണ്ടാക്കിയതായി നാട്ടുകാരും പറയുന്നുണ്ട്. തിങ്കളാഴ്ച ഇദ്ദേഹം കോളേജിനടുത്തുണ്ടായിരുന്നതായും നാട്ടുകാര്‍ വ്യക്തമാക്കി. മരിച്ചത് കോളജ് ഉടമയാണെന്ന വിലയിരുത്തലിലാണ് പോലീസും. ഡിഎന്‍എ ടെസ്റ്റ് നടത്തി സ്ഥിരീകരിക്കും.
കൊല്ലം ഇരവിപുരം സ്വദേശിയാണ് അബ്ദുള്‍ അസീസ് താഹ. നിലവില്‍ പേയാട് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. രാവിലെ ഹാളില്‍ തീ കത്തുന്നത് കണ്ടിട്ടാണ് കോളേജ് സ്റ്റാഫ് മൃതദേഹം കിടന്ന സ്ഥലത്തേയ്‌ക്കെത്തുന്നത്. ഉടന്‍ തന്നെ ഇവര്‍ നെടുമങ്ങാട് പോലീസിനെ വിവരം അറിയിച്ചു.
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പെട്രോള്‍ കൊണ്ടുവന്ന ക്യാനിന്റെ അടപ്പ് മൃതദേഹത്തിനടുത്ത് നിന്ന് കണ്ടെത്തി. ഫോണ്‍, കണ്ണട, ചെരുപ്പ് എന്നിവയും സംഭവസ്ഥലത്തുണ്ടായിരുന്നു. ഫോണ്‍ ചാരി വെച്ച് ആത്മഹത്യ ചിത്രീകരിക്കാന്‍ ശ്രമം നടത്തിയതായും കരുതുന്നു. ഫോറന്‍സിക് സംഘം സംഭവസ്ഥലത്തെത്തി പരിശോധന പൂര്‍ത്തിയാക്കി. ഡോഗ് സ്‌ക്വാഡും പരിശോധന നടത്തുന്നുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
