/kalakaumudi/media/media_files/UE6QgJWsPQRPdaXccQXp.jpg)
കൊച്ചി : മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം എറണാകുളം മെഡിക്കൽ കോളജിലെ മോർച്ചറിയിൽ തുടരും.ഒരാഴ്ച കൂടിയാണ് തുടരുക. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനാവശ്യത്തിനു വിട്ടുനൽകാനുള്ള തീരുമാനം ചോദ്യം ചെയ്ത് മകൾ ആശ നൽകിയ ഹർജിയിൽ ഇതു സംബന്ധിച്ച ഉത്തരവ് ഹൈക്കോടതി ഒരാഴ്ച കൂടി നീട്ടി. കേസ് വീണ്ടും ഈ മാസം 11ന് പരിഗണിക്കും.
മകൾ ആശ നൽകിയ ഹർജിയിൽ എതിർ സത്യവാങ്മൂലം നൽകാൻ മറ്റു രണ്ട് മക്കളായ എം.എൽ.സജീവനും സുജാതയ്ക്കും ജസ്റ്റിസ് വി.ജി.അരുൺ നിർദേശം നൽകി. മൃതദേഹം മെഡിക്കൽ കോളജിനു വിട്ടു നൽകുന്നതിനെതിരെ ആശ നേരത്തെ നൽകിയ ഹർജിയിൽ മക്കളെ കേട്ട് തീരുമാനമെടുക്കാൻ മെഡിക്കൽ കോളജ് പ്രിൻസിപ്പലിന് കോടതി നിർദേശം നൽകിയിരുന്നു.
തുടർന്ന് മൃതദേഹം പഠനാവശ്യത്തിനു വിട്ടുകൊടുക്കാനായിരുന്നു മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ തീരുമാനം. ഇതു ചോദ്യം ചെയ്താണു ആശ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. മൃതദേഹം വിട്ടു നൽകണമെന്ന ആഗ്രഹം പിതാവ് പ്രകടിപ്പിച്ചിട്ടില്ലെന്നും ഇതു സംബന്ധിച്ച് പരിശോധിച്ച സമിതിയുടെ നടപടി നിയമപരമല്ലെന്നും ആശ പറയുന്നു.
നേരത്തെ സമിതിയുടെ കണ്ടെത്തൽ പരിശോധിക്കാൻ ഉന്നത സമിതിയെ ചുമതലപ്പെടുത്തുന്ന കാര്യത്തിൽ അഭിപ്രായം അറിയിക്കാൻ കോടതി സർക്കാരിനോട് നിർദേശിച്ചിരുന്നു. എന്നാൽ ഇതിൽ സമവായമുണ്ടായില്ല എന്നാണ് അറിയുന്നത്. തുടർന്നാണ് സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശം നൽകിയത്.
സെപ്റ്റംബർ 21ന് അന്തരിച്ച എം.എം.ലോറൻസിന്റെ മൃതദേഹം 23നാണ് എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വച്ചത്. ഇതിനിടെ, മകൾ ആശ ഹൈക്കോടതിയെ സമീപിക്കുകയും വിഷയം മെഡിക്കൽ കോളജ് പരിശോധിക്കാൻ കോടതി നിർദേശിക്കുകയും ചെയ്തിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
