കോഴിക്കോട് മരിച്ച പെണ്‍കുട്ടിയുടെ സഹോദരനും അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍

മൂന്നു മാസം പ്രായമുള്ള കുട്ടിയടക്കം അഞ്ചു പേരാണ് നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഈ വര്‍ഷം ചികിത്സ തേടിയ 22 പേരില്‍ എട്ടുപേര്‍ മരണപ്പെട്ടു

author-image
Biju
New Update
am

കോഴിക്കോട്: ജില്ലയില്‍ ആശങ്കയുണര്‍ത്തി അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ സജീവ സാന്നിധ്യം കണ്ടെത്തിയെങ്കിലും രോഗത്തിന്റെ ഉറവിടം ഇനിയും വ്യക്തമാകാതെ ആരോഗ്യവകുപ്പ്. കുളത്തില്‍ നിന്നാകാം അമീബ ബാധയുണ്ടായതെന്ന് വിലയിരുത്തലുണ്ടായെങ്കിലും കിണറുകളില്‍ പോലും അപകടകാരിയായ അമീബയുടെ സാന്നിധ്യം സംശയിക്കപ്പെടുന്നതോടെ ആരോഗ്യവകുപ്പിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും അത് വെല്ലുവിളിയാകുകയാണ്.

മൂന്നു മാസം പ്രായമുള്ള കുട്ടിയടക്കം അഞ്ചു പേരാണ് നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഈ വര്‍ഷം ചികിത്സ തേടിയ 22 പേരില്‍ എട്ടുപേര്‍ മരണപ്പെട്ടു. കോഴിക്കോട് ജില്ലയില്‍ എട്ടുപേര്‍ക്കാണ് ഈ വര്‍ഷം രോഗം സ്ഥിരീകരിച്ചത്. ഇതില്‍ നാലു പേര്‍ മരിച്ചു. അതിനിടെ രോഗം ബാധിച്ച് വ്യാഴാഴ്ച മരിച്ച താമരശ്ശേരി കോരങ്ങാട് ആനപ്പാറപ്പൊയില്‍ അനയയുടെ (9) ഏഴു വയസ്സുള്ള ഇളയ സഹോദരനും തിങ്കളാഴ്ച രോഗലക്ഷണങ്ങള്‍ കണ്ടെത്തി.

പനി ബാധിച്ചതിനെത്തുടര്‍ന്ന് ഈ കുട്ടിയുടെ രക്ത സാംപിള്‍ നട്ടെല്ലില്‍ നിന്നെടുത്ത് വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കാനാണ് തീരുമാനം. ഈ കുട്ടി ഉള്‍പ്പെടെ അനയയുടെ രണ്ടു സഹോദരന്മാര്‍ നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അനയയും സഹോദരങ്ങളും മൂന്നാഴ്ച മുന്‍പ് വീടിനു സമീപത്തെ കുളത്തില്‍ നീന്തല്‍ പരിശീലനം നടത്തിയിരുന്നു. ഈ കുളത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ക്ലോറിനേഷന്‍ നടത്തുകയും അനയ പഠിച്ച സ്‌കൂളില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ച അന്നശ്ശേരി സ്വദേശിയായ നാല്‍പതുകാരനും ഓമശ്ശേരി സ്വദേശിയായ മൂന്നു മാസം പ്രായമായ കുഞ്ഞും ചികിത്സയിലുണ്ട്. ഇതില്‍ വെന്റിലേറ്ററില്‍ തുടരുന്ന മൂന്നു മാസം പ്രായമായ കുഞ്ഞിന്റെ നില ഗുരുതരമാണ്.

ഈ കുഞ്ഞിനെ കിണര്‍വെള്ളത്തില്‍ മാത്രമാണ് കുളിപ്പിച്ചതെന്നാണ് വീട്ടുകാര്‍ അറിയിച്ചത്. ആശുപത്രിയില്‍ ചികിത്സയിലുളള യുവാവിന് രോഗബാധയുണ്ടായത് വീട്ടിലെ അക്വേറിയത്തിലെ വെളളത്തില്‍ നിന്നാണെന്നാണ് നിഗമനം. ഇതോടെയാണ് സാധാരണ ഇത്തരം അമീബ കാണാറുള്ള കുളങ്ങള്‍ക്കു പുറമേ കിണറ്റിലും അമീബയുടെ സാന്നിധ്യം സംശയിക്കപ്പെടുന്നത്. കിണര്‍വെള്ളത്തിലെ അമീബ സാന്നിധ്യം പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്. 

മൂക്കിനെയും മസ്തിഷ്‌കത്തെയും വേര്‍തിരിക്കുന്ന പാളിയിലെ സുഷിരങ്ങള്‍ വഴിയോ കര്‍ണപടലത്തിലെ സുഷിരത്തിലൂടെയോ 'ബ്രെയിന്‍ ഈറ്റിങ് അമീബ' എന്നറിയപ്പെടുന്ന നെഗ്ലേറിയ ഫൗളേരി എന്ന അമീബ  തലച്ചോറിലെത്തുകയും അമീബിക് മെനിംഗോഎന്‍സെഫലൈറ്റിസ് എന്ന രോഗത്തിനു കാരണമാകുകയും ചെയ്യുന്നതായാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍.

കെട്ടികിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നതിലൂടെയും നീന്തുന്നവരിലുമാണ് രോഗബാധ ഉണ്ടാകാറുള്ളതെങ്കിലും കിണര്‍വെള്ളത്തില്‍ ഉള്‍പ്പെടെ അമീബയുടെ സാന്നിധ്യം കാണാനുളള സാധ്യത തളളിക്കളയാനാവില്ലെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. അണുബാധയുണ്ടായാല്‍ അഞ്ചു മുതല്‍ പത്തു ദിവസങ്ങള്‍ക്കുളളില്‍ ലക്ഷണങ്ങള്‍ സാധാരണഗതിയില്‍ പ്രകടമാകാറുണ്ടെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്.

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും നീന്തുന്നതും ഒഴിവാക്കുക, നീന്തുന്നവര്‍ മൂക്കില്‍ വെള്ളം കടക്കാതിരിക്കാന്‍ നോസ് ക്ലിപ്പ് ഉപയോഗിക്കുക, വാട്ടര്‍ തീം പാര്‍ക്കുകളിലെയും സ്വിമ്മിങ് പൂളുകളിലെയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്യുന്നുവെന്ന് ഉറപ്പാക്കുക, മൂക്കിലോ ചെവിയിലോ ഓപ്പറേഷന്‍ കഴിഞ്ഞവരും ചെവി പഴുപ്പുള്ളവരും എവിടെയും മുങ്ങിക്കുളിക്കാതിരിക്കുക, കിണര്‍വെള്ളം ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം നിശ്ചിത ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യുക, നീന്തല്‍ക്കുളങ്ങളിലെ വെള്ളം ആഴ്ചയിലൊരിക്കല്‍ പൂര്‍ണമായും ഒഴുക്കിക്കളയുക, സ്വിമ്മിങ് പൂളിന്റെ വശങ്ങളും തറയും ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ചുകഴുകുക. പ്രതലങ്ങള്‍ നന്നായി ഉണങ്ങാന്‍ അനുവദിക്കുക, ഫില്‍റ്ററുകള്‍ വൃത്തിയാക്കിയ ശേഷം വെള്ളം നിറച്ച് ക്ലോറിനേറ്റ് ചെയ്യുക തുടങ്ങിയ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങളാണ് ജില്ലാ ആരോഗ്യ ഓഫിസില്‍ നിന്ന് നല്‍കിയിട്ടുള്ളത്.