/kalakaumudi/media/media_files/2025/03/22/K6tD9xY49dKP4IxuWbD1.jpg)
തിരുവനന്തപുരം: വേതന വര്‍ധന ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാരുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇന്ന് ചര്‍ച്ച നടത്തും. സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകല്‍ സമരം 53 ദിവസം പിന്നിടുമ്പോഴാണ് മൂന്നാം വട്ട മന്ത്രിതല ചര്‍ച്ച. കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് വീണ ജോര്‍ജ് ആശാവര്‍ക്കര്‍മാരുമായി വീണ്ടും ചര്‍ച്ച നടത്തുന്നത്. ഇന്ന് മൂന്ന് മണിക്ക് മന്ത്രിയുടെ ചേംബറില്‍ വച്ചാണ് ചര്‍ച്ച.
സമരം ചെയ്യുന്ന ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന് പുറമേ മറ്റ് ട്രേഡ് യൂണിയനുകളെയും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ഓണറേറിയം കൂട്ടുന്നതും വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കുന്നതും അടക്കമുള്ള ആവശ്യങ്ങളില്‍ അനുകൂല തീരുമാനമെടുത്ത് ഉത്തരവിറക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് സമരസമിതിയുടെ നിലപാട്. ആശമാരുടെ നിരാഹാര സമരം ഇന്ന് 15ആം ദിവസമാണ്.
അതേസമയം, എറണാകുളം ജില്ലയില്‍ യുഡിഎഫ് ഭരിക്കുന്ന എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ആശ വര്‍ക്കര്‍മാര്‍ക്ക് വേതനം കൂട്ടാന്‍ തീരുമാനിച്ചു. 2000 രൂപ വീതം കൂട്ടാനാണ് തീരുമാനം. ജില്ലയിലെ യുഡിഎഫ് ഭരിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും ഈ തീരുമാനം നടപ്പാക്കുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. ജില്ലയിലെ 48 പഞ്ചായത്തുകളിലും 8 മുന്‍സിപ്പാലിറ്റികളിലും തീരുമാനം നടപ്പാക്കും. യുഡിഎഫ് പ്രതിപക്ഷത്തുള്ള തദ്ദേശസ്ഥാപനങ്ങളില്‍ ആശാവര്‍ക്കര്‍മാരുടെ വേതനം കൂട്ടണം എന്ന് ആവശ്യപ്പെട്ട് പ്രമേയം കൊണ്ടുവരും എന്നും ഷിയാസ് അറിയിച്ചു.