കേസൊതുക്കാൻ കൈക്കൂലി: ഇ.ഡി ഉദ്യോഗസ്ഥനെ ചോദ്യംചെയ്ത് വിട്ടയച്ചു

കേസ് ഒതുക്കാൻ രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിലെ മുഖ്യപ്രതിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കൊച്ചി യൂണിറ്റ് മുൻ അസി. ഡയറക്ടർ ശേഖർ കുമാറിനെ വിജിലൻസ് ആറു മണിക്കൂർ ചോദ്യംചെയ്തശേഷം വിട്ടയച്ചു.

author-image
Shyam Kopparambil
New Update
pic.1.3382191

കൊച്ചി: കേസ് ഒതുക്കാൻ രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിലെ മുഖ്യപ്രതിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കൊച്ചി യൂണിറ്റ് മുൻ അസി. ഡയറക്ടർ ശേഖർ കുമാറിനെ വിജിലൻസ് ആറു മണിക്കൂർ ചോദ്യംചെയ്തശേഷം വിട്ടയച്ചു. ഇന്ന് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അറസ്റ്റുണ്ടാകുമെന്നാണ് സൂചന. ചോദ്യംചെയ്യലിൽ ചില നിർണായക വിവരങ്ങൾ ലഭിച്ചതാണ് അറസ്റ്റ് സാദ്ധ്യത കൂട്ടുന്നത്. ശേഖർകുമാറിന് ഹൈക്കോടതി മുൻകൂർജാമ്യം അനുവദിച്ചിട്ടുണ്ട്.

ഇന്നലെ രാവിലെ 10.45ഓടെയാണ് ശേഖർകുമാർ വിജിലൻസിന്റെ എറണാകുളത്തെ ആസ്ഥാനത്ത് അഭിഭാഷകനൊപ്പം ഹാജരായത്. വിജിലൻസ് സ്‌പെഷ്യൽ സെൽ എസ്.പി എസ്. ശശിധരന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ. കേസിലെ നാലാം പ്രതിയായ ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്ത് വാര്യരും ശേഖർ കുമാറും തമ്മിൽ പ്രത്യേക ആപ്പിലൂടെ സംസാരിച്ചതിന്റെ തെളിവുകളടക്കം നിരത്തിയുള്ള ചോദ്യങ്ങൾക്ക് കാര്യമായ മറുപടി ഉണ്ടായിരുന്നില്ല.

''അന്വേഷണത്തോട് ശേഖർകുമാർ സഹകരിക്കുന്നുണ്ട്. ചിലകാര്യങ്ങൾ കൂടി അറിയേണ്ടതിനാലാണ് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത് ,"" എസ്.പി എസ്. ശശിധരൻ കേരളകൗമുദിയോട് പറഞ്ഞു.

രണ്ടാഴ്ചയ്‌ക്കകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന നിർദ്ദേശത്തോടെയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ശേഖർ കുമാറിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നത്. കാലാവധി അവസാനിക്കാനിരിക്കെയാണ് ശേഖർകുമാർ ഹാജരായത്.

കൊല്ലത്തെ കശുവണ്ടി വ്യവസായിയായ അനീഷിന്റെ പേരിലുള്ള കേസ് ഒഴിവാക്കാൻ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കേസ്. തമ്മനം സ്വദേശി വിൽസൺ വർഗീസ്, രാജസ്ഥാൻ സ്വദേശി മുകേഷ് എന്നിവരാണ് മറ്റ് പ്രതികൾ.

Enforcement directrorate