/kalakaumudi/media/media_files/2025/09/02/gopakuma-2025-09-02-22-38-20.jpg)
കൊച്ചി: വാഹനാപകടക്കേസിൽ പിടിച്ചെടുത്ത മിനി ലോറി വിട്ടു നൽകാൻ ഉടമയിൽ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങവേ ഗ്രേഡ് എസ്.ഐ വിജിലൻസിന്റെ പിടിയിലായി. മരട് സ്റ്റേഷനിലെ ഗോപകുമാറാണ് അറസ്റ്റിലായത്.
ലോറിയുടമ എറണാകുളം വിജിലൻസ് ഡിവൈ.എസ്.പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഗോപകുമാറിനെ ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.കഴിഞ്ഞ മാസം 25ന് വൈറ്റില ഹബ്ബിലാണ് പരാതിക്കാരന്റെ ലോറി അപകടത്തിൽപ്പെട്ടത്. ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറിയുടെ ഡ്രൈവർക്ക് ഹൃദയാഘാതമുണ്ടായതോടെ വൈദ്യുത പോസ്റ്റിലും കാറിലും ബൈക്കിലും മതിലിലും ഇടിക്കുകയായിരുന്നു. അബോധാവസ്ഥയിലായിരുന്ന ഡ്രൈവറെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. ഏതാനും ദിവസം മുമ്പ് പള്ളിക്കര സ്വദേശിയായ ലോറിയുടമയെ ഗോപകുമാർ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
പരാതിക്കാരൻ സാമ്പത്തിക ബുദ്ധിമുട്ടുകളും ആശുപത്രിയിൽ കഴിയുന്ന ഡ്രൈവറുടെ ചികിത്സയുടെ കാര്യവും പറഞ്ഞെങ്കിലും ഗോപകുമാർ ചെവിക്കൊണ്ടില്ല. തുടർന്നാണ് വിജിലൻസിനെ സമീപിച്ചത്. വിജിലൻസ് മേധാവിയുടെ നിർദ്ദേശാനുസരണം കെണിയൊരുക്കി. ഇന്നലെ വൈകിട്ട് നാലോടെ മരട് സ്റ്റേഷനിൽ വച്ച് പരാതിക്കാരനിൽ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങവേ ഗോപകുമാറിനെ വിജിലൻസ് സംഘം കൈയോടെ പിടി കൂടുകയായിരുന്നു.