കൊച്ചി: ബിസിനസുകാരനെ ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങുന്നതിനിടെ കൊല്ലത്തെ വസതിയിൽ നിന്ന് എറണാകുളം വിജിലൻസ് അറസ്റ്റ് ചെയ്ത കനറാ ബാങ്കിന്റെ കൺകറന്റ് ഓഡിറ്റർ കെ.സുധാകരനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ തിരികെ ഹാജരാക്കി റിമാൻഡ് ചെയ്തു. സുധാകരൻ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി പിന്നീട് പരിഗണിക്കും.
സുധാകരൻ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്നതടക്കം കാര്യങ്ങൾ അന്വേഷണസംഘം പരിശോധിച്ചു വരികയാണ്. മറ്റിടപാടുകാരെ ഭീഷണിപ്പെടുത്തി പണം വാങ്ങിയിട്ടുണ്ടോ എന്നതും അന്വേഷണത്തിലുണ്ട്. കഴിഞ്ഞ 19നാണ് പനമ്പിള്ളി സ്വദേശിയായ ബിസിനസുകാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഇയാൾ പിടിയിലായത്. ബാങ്കിന്റെ മാവേലിക്കര ശാഖയിൽ നിന്ന് പരാതിക്കാരനെടുത്ത കാഷ് ക്രെഡിറ്റ് ലോൺ വ്യാജരേഖകൾ നൽകി തരപ്പെടുത്തിയതാണെന്ന് ഭീഷണിപ്പെടുത്തിയാണ് കൈക്കൂലി ആവശ്യപ്പെട്ടത്.