കൈക്കൂലി വാങ്ങൽ: എറണാകുളം മുൻ ആർടിഒ ജേഴ്‍സനു ജാമ്യം

ജേഴ്സന്‍റെ റിമാന്‍ഡ് കാലാവധി തീരാനിരിക്കെയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.

author-image
Rajesh T L
New Update
jjashpo

കൊച്ചി: ബസ് റൂട്ട് പെര്‍മിറ്റ് മാറ്റാൻ കൈക്കൂലിയായി മദ്യവും പണവും ആവശ്യപ്പെട്ട കേസിൽ എറണാകുളം മുൻ ആര്‍ടിഒ ജേഴ്സന് ജാമ്യം. കേസിലെ മറ്റു രണ്ടു പ്രതികള്‍ക്കും ജാമ്യം ലഭിച്ചു. ജേഴ്സന്‍റെ റിമാന്‍ഡ് കാലാവധി തീരാനിരിക്കെയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.

ജേഴ്സനൊപ്പം പിടിയിലായ ഏജന്‍സ് രാമപ്പടിയാര്‍ക്കും രണ്ടാം പ്രതി സജേഷിനും കോടതി ജാമ്യം അനുവദിച്ചു. നേരത്തെ കോടതി ജാമ്യം തള്ളിയതിനെ തുടര്‍ന്ന് ജേഴ്സനെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. റിമാന്‍ഡ് കാലാവധി അവസാനിച്ചതോടെ കോടതി സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു.കേസിൽ ജേഴ്സനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ജോലിയിൽ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.

ജേഴ്സൻ എറണാകുളം ആര്‍ടിഒ ആയിരിക്കെയാണ് ബസ് റൂട്ട് പെര്‍മിറ്റ് മാറ്റാൻ കൈക്കൂലിയായി പണവും മദ്യവും ആവശ്യപ്പെട്ടത്.ബസ് പെർമിറ്റ് അനുവദിക്കാൻ ഏജന്‍റുമാരെ വെച്ച് ആര്‍ടിഒ പണം പിരിച്ചെന്നാണ് പൊലീസ് നൽകിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ആർടിഒക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിലും അന്വേഷണം നടക്കുന്നുണ്ട്.

മൂന്നാം പ്രതിയായ രാമപ്പടിയാർ വഴിയാണ് പരാതിക്കാരനോട് കൈക്കൂലി ആവശ്യപ്പെട്ടത്. ജേഴ്സണ്‍, രണ്ടാം പ്രതി സജേഷ്, മൂന്നാം പ്രതി രാമപ്പടിയാർ എന്നിവർ പരസ്പരം ബന്ധപ്പെട്ടിരുന്നത് വാട്സ്ആപ്പ് കോളുകൾ വഴിയെന്നും കണ്ടെത്തിയിരുന്നു. ഇതിന്‍റെ തെളിവ് ഇവരുടെ ഫോണിൽ നിന്ന് കിട്ടിയെന്നും വിജിലൻസ് റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.

മൂവരും ചേർന്ന് സമാന രീതിയിലുള്ള അഴിമതി നേരെത്തെ നടത്തിയതായും സംശയമുണ്ട്. കൈക്കൂലി കേസിൽ അറസ്റ്റിലായ ജേഴ്സന്‍റെ വീട്ടിൽ വിജിലന്‍സ് നടത്തിയ റെയ്ഡിൽ പണവും വിലകൂടിയ നിരവധി വിദേശയിനം മദ്യക്കുപ്പികളും പിടിച്ചെടുത്തിരുന്നു. മിനി ബാറിന് സമാനമായ രീതിയിലായിരുന്നു ജേഴ്സന്‍റെ വീട്ടിൽ മദ്യം സൂക്ഷിച്ചിരുന്നതെന്നും പരിശോധനയിൽ വ്യക്തമായതായി വിജിലന്‍സ് അറിയിച്ചിരുന്നു.

kerala Crime RTO