ഉപഭോക്താക്കള്‍ക്കായി കൂടുതല്‍ സുരക്ഷിതത്വം ഉറപ്പുനല്‍കുന്ന ഇ സിം സേവനം അവതരിപ്പിക്കാനൊരുങ്ങി ബി.എസ്.എന്‍.എല്‍. ഫിസിക്കല്‍ കാര്‍ഡുകളേക്കാള്‍ ഫോണിലെ ചിപ്പ് വഴിയാകും ഇത്തരം ഫോണുകളില്‍ സിമ്മിന്റെ പ്രവര്‍ത്തനം നടക്കുക. ഓരോ ദിവസവും മറ്റ് സ്വകാര്യ കമ്പനികളെപ്പോലും വെല്ലുവിളിച്ച് കൊണ്ട് സാങ്കേതിക വിദ്യയില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ നടത്തിവരികയാണ് ബി.എസ്.എന്‍.എല്‍. 4ജിക്ക് പുറമെ എഫ്ടിടിഎച്ച് കണക്ഷനുകളുടെ ഉപയോക്താക്കള്‍ക്കായി ദേശീയ വൈഫൈ റോമിംഗ് സേവനം, ഡയറക്ട് ടു ഡിവൈസ് സാറ്റലൈറ്റ് കണക്ടിവിറ്റി തുടങ്ങിയവയൊക്കെ അടുത്തിടെ അവതരിപ്പിച്ച പുതിയ ഫീച്ചറുകളാണ്. എംബഡഡ്-സബ്സ്‌ക്രൈബര്‍ ഐഡന്റിറ്റി മൊഡ്യൂള്‍ എന്ന ഇ- സിം ബിഎസ്എന്‍എല്ലിന്റെ കുതിപ്പില്‍ പുതിയ നാഴികക്കല്ലാകും എന്നാണ് വിലയിരുത്തല്‍. ഫോണ്‍ മോഷ്ടിക്കപ്പെട്ടാലും സ്മാര്‍ട്ട്‌ഫോണില്‍ നിന്ന് ഇ-സിം കാര്‍ഡുകള്‍ നീക്കംചെയ്യാന്‍ ആര്‍ക്കും കഴിയില്ല എന്നതാണ് ഇ-സിമ്മിന്റെ പ്രത്യേകത. നിലവില്‍ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ തുടങ്ങിയ സ്വകാര്യ ടെലിക്കോം കമ്പനികളെല്ലാംതന്നെ ഉപയോക്താക്കള്‍ക്ക് ഇ-സിം സേവനം നല്‍കുന്നുണ്ടെങ്കിലും ഇ-സിം പിന്തുണയ്ക്കുന്ന ഫോണുകള്‍ ഇന്ത്യയില്‍ കുറവാണ്. നിലവില്‍ മിക്ക പ്രീമിയം ഫോണുകളും ഇ സിം സപ്പോര്‍ട്ട് ആണെന്നതിനാല്‍ മാറ്റത്തിനൊത്ത് മുന്നേറാന്‍ തയ്യാറാവുകയാണ് ബിഎസ്എന്‍എല്ലും. 2025 മാര്‍ച്ചോടെ ഉപഭോക്താക്കള്‍ക്കായി സേവനങ്ങള്‍ ആരംഭിക്കുമെന്നാണ് ബിഎസ്എന്‍എല്‍ അറിയിച്ചിരിക്കുന്നത്.