വെടിയുണ്ട: പുകയടങ്ങുന്നില്ല: ഭീതി മാറാതെ പ്രദേശവാസികൾ

തുടർച്ചയായി വീടുകളിൽ ഉൾപ്പെടെ വെടിയുണ്ടകൾ വീണതോടെ ശ്രദ്ധാകേന്ദ്രമായി മൂക്കുന്നിമലയിലെ ഫയറിങ് പിറ്റ്.വെടിയുതിർക്കാൻ ശ്രമിക്കുമ്പോൾ നിയന്ത്രണം തെറ്റി തോക്ക് ആകാശത്തേക്കു ദിശ മാറുമ്പോഴാണ് വെടിയുണ്ടയുടെ ലക്ഷ്യം പിഴയ്ക്കുന്നത്. 

author-image
Rajesh T L
New Update
malayinkeezh

മലയിൻകീഴ്: തുടർച്ചയായി വീടുകളിൽ ഉൾപ്പെടെ വെടിയുണ്ടകൾ വീണതോടെ  മൂക്കുന്നിമലയിലെ പിറ്റ് ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്.വെടിയുതിർക്കാൻ ശ്രമിക്കുമ്പോൾ നിയന്ത്രണം തെറ്റി തോക്ക് ആകാശത്തേക്കു ദിശ മാറുമ്പോഴാണ് വെടിയുണ്ടയുടെ ലക്ഷ്യം പിഴയ്ക്കുന്നത്. പരിശീലകന്റെ പിഴവ് കൊണ്ടും ഇതു സംഭവിക്കാം. മുൻപ് ഈ ഫയറിങ് പിറ്റിനെക്കാൾ ഉയരത്തിലായിരുന്ന  മൂക്കുന്നിമലയിൽ നിറയെ മരങ്ങളും പാറകളും ഉണ്ടായിരുന്നതിനാൽ വെടിയുണ്ടകൾ ജനവാസമേഖകളിലേക്കു  കടക്കുന്നത് അപൂർവമായിരുന്നു. എന്നാൽ ക്വാറികളുടെ കടന്നുവരവും വനനശീകരണവും കാരണം മരങ്ങൾ കുറഞ്ഞു. പരിശീലന ശേഷം ചിതറിക്കിടക്കുന്ന ഈയത്തിലുള്ള വെടിയുണ്ടകൾ ശേഖരിക്കാൻ ഒട്ടേറെ പേർ മുൻപ് പിറ്റിന്റെ പരിസരങ്ങളിൽ എത്തിയിരുന്നു. ഇതിനൊക്കെ  നിലവിൽ വിലക്കുണ്ട്.പരിശീലനത്തിന് ആർമിക്കു പുറമേ സ്റ്റേഷൻ പരിധിയായ നേമം പൊലീസിന്റെയും അനുമതി വാങ്ങണം.പരിശീലനം കഴിഞ്ഞു മടങ്ങുമ്പോഴും ആർക്കും പരുക്കോ പ്രശ്നങ്ങളോ ഇല്ലെന്നു പൊലീസിൽ നിന്ന് എഴുതി വാങ്ങണം. പക്ഷേ, ഇവയൊന്നും നടപ്പാക്കുന്നില്ലെന്നാണ് വിവരം.

60 വർഷം മുൻപ് സ്ഥാപിച്ച നിരോധിത മേഖല.പാങ്ങോട് കരസേനയുടെ  91 ബ്രിഗേഡിന്റെ ഉടമസ്ഥതയിലാണ്.പള്ളിച്ചൽ പഞ്ചായത്തിലെ പാമാംകോട് കല്ലടിമല ഭാഗത്താണ് സ്ഥിതി ഇത്  ചെയ്യുന്നത്. ജനങ്ങൾക്ക് പ്രവേശനം വിലക്കിയിരിക്കുന്ന   നിരോധിത മേഖലയാണിത്.ഇതിന്റെ തൊട്ടടുത്തായി വ്യോമസേനയുടെ റഡാർ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളും പ്രവർത്തിക്കുന്നു.മരങ്ങളാൽ ചുറ്റപ്പെട്ട പ്രദേശത്ത് 50 അടിയിലേറെ പൊക്കത്തിലുള്ള ഭിത്തിക്കു സമാനമായി മൺതിട്ട  കോൺക്രീറ്റ് കൊണ്ട് 4 വശവും ബലപ്പെടുത്തിയിട്ടുണ്ട്. ഇതിനു പിന്നിലാണ്  ടയറുകൾ ഉയർത്തിക്കെട്ടിയ മറ്റൊരു കവചം. ഈ മൺത്തിട്ടയിലേക്കാണ് കേന്ദ്രസേനകളും കേരള പൊലീസും വെടിവച്ചു പരിശീലിക്കുന്നത്.

പേടിമാറാതെ അജിത്തും കുടുംബവും.മൂക്കുന്നിമലയിൽ കരസേനയുടെ ഫയറിങ് പിറ്റിൽ പൊലീസിന്റെ വെടിവയ്പ് പരിശീലനം നടന്നതിനു പിന്നാലെ വീടുകളിൽ വെടിയുണ്ടകൾ പതിച്ചെന്ന വാർത്തകൾ തുടരെ വായിക്കുമ്പോൾ എ ജെ അജിത്തിന്റെ മനസ്സിൽ പേടി ‘തുളച്ചു’ കയറും.6 വർഷം മുൻപത്തെ അനുഭവമാണ് ഭയത്തിനു പിന്നിൽ. 2018 നവംബർ 19ന് അടച്ചിട്ടിരുന്ന കിടപ്പുമുറിയുടെ ജനൽ ചില്ലുകൾ പൊട്ടിച്ചാണ് വെടിയുണ്ട വിളവൂർക്കൽ പൊറ്റയിൽ കാവടിവിള ശിവോദയത്തിൽ അജിത്തിന്റെ വീട്ടിൽ വീണത്. അന്ന് അജിത്തും ഭാര്യ നീതുവും കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലായിരുന്നു. അജിത്തിന്റെ അച്ഛനും അമ്മയും താഴത്തെ നിലയിലായിരുന്നു. ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തിയ അജിത്തും ഭാര്യയും കണ്ടത് കിടപ്പുമുറിയിലെ രണ്ടു ജനൽ പാളികളിൽ ഒന്നിന്റെ ചില്ല് തകർന്ന നിലയിൽ ആയിരുന്നു. മുറി വൃത്തിയാക്കുന്നതിനിടെയാണ് വെടിയുണ്ട ലഭിച്ചത്.മൂക്കുന്നിമലയിൽ കരസേന നടത്തിയ പരിശീലനത്തിനിടെ ഉന്നം തെറ്റിയ വെടിയുണ്ടയാണെന്ന്  സ്ഥിരീകരിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല.അജിത്തിന്റെ വീടിനോട് ചേർന്നാണ് ആനന്ദ് താമസിക്കുന്ന വീട്.നിലവിലെ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് മലയിൻകീഴ് പൊലീസ് കോടതിക്കു കൈമാറി.

മൂക്കുന്നിമലയിലെ പരിശീലന കേന്ദ്രത്തിൽ നിന്നു വെടിയുണ്ടകൾ ജനവാസമേഖലകളിൽ പതിക്കുന്നതിനാൽ സുരക്ഷയും സംരക്ഷണവും ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടറെയും മനുഷ്യാവകാശ കമ്മിഷനെയും സമീപിക്കാൻ വിളവൂർക്കൽ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചതായി പ്രസിഡന്റ് ടി ലാലി, വൈസ്പ്രസിഡന്റ് ജി കെ അനിൽ കുമാർ എന്നിവർ അറിയിച്ചു.

police pangode police station kerala police firing in tvm firing