/kalakaumudi/media/media_files/2024/11/28/wyPAXSgMrbUzEoUwagV8.jpg)
വിദേശത്തുള്ള ഉടമ മോഷണം സി.സി ടി.വിയിൽ കണ്ടു
ആലുവ: പൂട്ടിക്കിടന്ന വീട്ടിൽ മോഷണം നടത്തുന്നത് വിദേശത്തിരുന്ന് സി.സി ടി.വിയിലൂടെ കണ്ട ഉടമ തെളിവ് സഹിതം നൽകിയ പരാതിയിൽ പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ മൂന്ന് പേർ ആലുവ പൊലീസിന്റെ പിടിയിലായി. യു.സി കോളേജിന് സമീപം മില്ലുംപടിയിൽ വാടകയ്ക്ക് താമസിക്കുന്ന കോതമംഗലം അയിരൂർപാടം വിമലാലയം വീട്ടിൽ വിവേക് ബൈജു (26), പുതുച്ചേരി സ്വദേശി രഞ്ജിത് കുമാർ (32) എന്നിവരും പ്രായപൂർത്തിയാകാത്ത സമീപവാസിയുമാണ് അറസ്റ്റിലായത്.
21ന് പുലർച്ചെയാണ് പറവൂർ കവല റോയൽ നഗറിൽ കറുകപ്പാടത്ത് നസീറിന്റെ വീടിന്റെ പിൻവാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാവ് അലമാരയിലുണ്ടായിരുന്ന ഒന്നേകാൽ ലക്ഷത്തോളം രൂപവരുന്ന വള മോഷ്ടിച്ചത്.
അടച്ചിട്ടിരിക്കുന്ന വീട് വിദേശത്തുള്ള നസീറും കുടുംബവും സി.സി ടി.വിയിലൂടെ നിരീക്ഷിക്കാറുണ്ട്. ഇത്തരത്തിൽ പരിശോധിക്കുമ്പോഴാണ് പുലർച്ചെ 2.05 ന് മോഷ്ടാവ് അകത്തു കടക്കുന്ന ദൃശ്യം കണ്ടെത്തിയത്.
സ്വർണ്ണം ആലുവയിലെ സ്ഥാപനത്തിൽ വിറ്റ ശേഷം പണം പ്രതികൾ വീതിച്ചെടുത്തു. ലഹരിവസ്തുക്കൾ വാങ്ങുന്നതിനും ആഡംബര ജീവിതത്തിനുമായാണ് പണം വിനിയോഗിച്ചതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. വിവേകിനും രഞ്ജിത്തിനുമെതിരെ സമാന സ്വഭാവമുള്ള പത്തോളം കേസുകളുണ്ട്. വിവേക് മയക്കുമരുന്ന് കേസിലും പ്രതിയാണ്. പ്രായപൂർത്തിയാകാത്തയാളും മുമ്പ് മോഷണക്കേസിൽ പിടിക്കപ്പെട്ടിട്ടുണ്ട്.
വിവേക് മാർച്ചിലും, രഞ്ജിത്ത് ജൂലായിലുമാണ് ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയത്. പകൽ സമയങ്ങളിൽ കറങ്ങിനടന്ന് വീടുകൾ കണ്ടുവച്ച ശേഷം പുലർച്ചെയാണ് മോഷണം നടത്തുന്നത്. പറവൂർ കവലയിൽ മോഷണത്തിന് ശേഷം ബിനാനിപുരത്തും പരിസരങ്ങളിലും മോഷണശ്രമം നടത്തിയിരുന്നു. ഒളിവിൽ കഴിഞ്ഞ പ്രതികളെ സാഹസികമായാണ് കീഴടക്കിയത്. കോടതിയിൽ ഹാജരാക്കിയ രണ്ട് പ്രതികളെ റിമാൻഡ് ചെയ്തു. ഇവരെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും. പ്രായപൂർത്തിയാകാത്തയാളെ ബോസ്റ്റൽ സ്കൂളിലേക്ക് വിട്ടു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
