49 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ജൂലൈ 30ന് ഉപതിരഞ്ഞെടുപ്പ്

സൂക്ഷ്മ പരിശോധന ജൂലൈ 12 ന് നടത്തും.    സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി ജൂലൈ 15 ആണ്. വോട്ടെണ്ണല്‍ ജൂലൈ 31 ന് രാവിലെ 10 മണിക്ക് നടക്കും. മാതൃകാ പെരുമാറ്റച്ചട്ടം ഇന്ന് (ജൂലൈ രണ്ട്) മുതല്‍ നിലവില്‍ വന്നു

author-image
Prana
New Update
election
Listen to this article
0.75x1x1.5x
00:00/ 00:00

ജില്ലാ പഞ്ചായത്തിലെ വെള്ളനാട്  വാര്‍ഡ് ഉള്‍പ്പെടെ സംസ്ഥാനത്തെ 49 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ജൂലൈ 30 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍  അറിയിച്ചു. വിജ്ഞാപനം ജൂലൈ നാലിന്  പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശപത്രിക ജൂലൈ നാല് മുതല്‍ 11 വരെ സമര്‍പ്പിക്കാം. സൂക്ഷ്മ പരിശോധന ജൂലൈ 12 ന് നടത്തും.    സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി ജൂലൈ 15 ആണ്. വോട്ടെണ്ണല്‍ ജൂലൈ 31 ന് രാവിലെ 10 മണിക്ക് നടക്കും.
മാതൃകാ പെരുമാറ്റച്ചട്ടം ഇന്ന് (ജൂലൈ രണ്ട്) മുതല്‍ നിലവില്‍ വന്നു. ഉപതിരഞ്ഞെടുപ്പുള്ള ജില്ലാ, ബ്‌ളോക്ക് പഞ്ചായത്ത്  നിയോജകമണ്ഡലങ്ങളില്‍  ഉള്‍പ്പെട്ടുവരുന്ന  ഗ്രാമപഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളിലും പെരുമാറ്റചട്ടം ബാധകമാണ്. എന്നാല്‍ ഗ്രാമപഞ്ചായത്തുകളില്‍ ആ പഞ്ചായത്ത് പ്രദേശം മുഴുവനും,  മുനിസിപ്പാലിറ്റികളില്‍ അതത്  വാര്‍ഡുകളിലുമാണ് പെരുമാറ്റച്ചട്ടം ബാധകം.
ജൂലൈ ഒന്നിന് പ്രസിദ്ധീകരിച്ച പുതിയ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കിയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. വോട്ടര്‍പട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ് , താലൂക്ക് ഓഫീസുകളിലും സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലും ( sec.kerala.gov.in ) ലഭ്യമാണ്.  ജില്ലാപഞ്ചായത്ത് നിയോജകമണ്ഡലത്തില്‍ മത്സരിക്കുന്നതിന് 5000 രൂപയും ബ്‌ളോക്ക് പഞ്ചായത്തുകളിലെയും  മുനിസിപ്പാലിറ്റികളിലെയും വാര്‍ഡുകളില്‍ മത്സരിക്കുന്നതിന് 4000 രൂപയും ഗ്രാമപഞ്ചായത്തുകളില്‍ 2000 രൂപയുമാണ് നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം നിക്ഷേപതുകയായി  കെട്ടിവയ്‌ക്കേണ്ടത്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് അവയുടെ പകുതി തുക മതിയാകും.അര്‍ഹതയുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് നിക്ഷേപത്തുക കാലതാമസം കൂടാതെ തിരികെ ലഭിക്കുന്നതിന് പത്രികയോടൊപ്പം നിശ്ചിത ഫോമില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൂടി നല്‍കണം. ജില്ലാപഞ്ചായത്ത് വാര്‍ഡില്‍ 1,50,000 രൂപയും, ബ്‌ളോക്ക് പഞ്ചായത്ത് നിയോജകമണ്ഡലത്തിലും, മുനിസിപ്പാലിറ്റി വാര്‍ഡിലും 75,000 രൂപയും, ഗ്രാമപഞ്ചായത്ത് നിയോജകമണ്ഡലത്തില്‍ 25,000 രൂപയുമാണ് സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിന്റെ പരിധി.വയനാട് ഒഴികെയുള്ള 13  ജില്ലകളിലായി ഒരു ജില്ലാപഞ്ചായത്ത്  വാര്‍ഡിലും നാല് ബ്‌ളോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും ആറ് മുനിസിപ്പാലിറ്റി വാര്‍ഡുകളിലും 38 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്.

election