/kalakaumudi/media/media_files/2025/08/04/sada-2025-08-04-15-08-32.jpg)
കണ്ണൂര്‍: സി. സദാനന്ദന്‍ മാസ്റ്ററുടെ കാലുകള്‍ വെട്ടിമാറ്റിയ പ്രതികള്‍ 30 വര്‍ഷങ്ങള്‍ക്ക് ശേഷം കീഴടങ്ങി.
തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികളെ ഇന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. സിപിഎമ്മുകാരായ എട്ടു പ്രതികളെയാണ് വിചാരണ കോടതി നേരത്തെ ശിക്ഷിച്ചത്. എന്നാല്‍, ശിക്ഷാവിധിക്കെതിരെ മേല്‍കോടതികളില്‍ അപ്പീല്‍ നല്‍കി ജാമ്യത്തിലായിരുന്നു പ്രതികള്‍. സുപ്രീം കോടതിയും അപ്പീല്‍ തള്ളിയതോടെയാണ് പ്രതികള്‍ കോടതിയില്‍ ഹാജരായത്. ഏഴുവര്‍ഷത്തെ തടവാണ് പ്രതികള്‍ക്കെതിരെ വിധിച്ചിരുന്നത്.
1994 ജനുവരി 25-ന് രാത്രി, മുപ്പതാമത്തെ വയസ്സില്‍, സദാനന്ദന്‍ മാസ്റ്ററുടെ ജന്മഗ്രാമമായ പെരിഞ്ചേരിക്ക് സമീപം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. അക്രമത്തില്‍, അവര്‍ അദ്ദേഹത്തിന്റെ രണ്ട് കാലുകളും വെട്ടിമാറ്റി, രക്തം വാര്‍ന്ന് റോഡരികില്‍ ഉപേക്ഷിച്ചു. പതിനഞ്ച് മിനിറ്റിനുശേഷം പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ഫെബ്രുവരി ആറിന് നിശ്ചയിച്ച സഹോദരിയുടെ വിവാഹച്ചടങ്ങുമായി ബന്ധപ്പെട്ട് ബന്ധുവീടുകള്‍ സന്ദര്‍ശിച്ചു മടങ്ങുകയായിരുന്നു അദ്ദേഹം. ആക്രമണം കണ്ടുനിന്ന ആള്‍ക്കൂട്ടത്തെ ഭയപ്പെടുത്താനായി നാടന്‍ ബോംബുകള്‍ എറിഞ്ഞിരുന്നു. ആശുപത്രിയില്‍ എത്തിക്കാതിരിക്കാന്‍ ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എല്‍പി സ്‌കൂള്‍ അധ്യാപകനായിരുന്നു അന്ന് അദ്ദേഹം.