തൃക്കാക്കര: തൃക്കാക്കര മേഖലയിലെ കുടിവെള്ള വിതരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി 1.83 കോടി രൂപയുടെ വികസനപദ്ധതിയ്ക്ക് അംഗീകാരം ലഭിച്ചതായി ഉമ തോമസ് എം.എൽ.എ അറിയിച്ചു.പദ്ധതിയുടെ ഭാഗമായി നവോദയ ജംഗ്ഷൻ മുതൽ വികാസവാണി വരെയുള്ള പ്രധാന വിതരണ ലൈൻ പൂർണമായും നവീകരിക്കും. നിലവിലുള്ള 250 എം.എംഎസി പൈപ്പുകൾ മാറ്റി 300 എം.എംഡിഐ (കെ9) പൈപ്പുകൾ സ്ഥാപിക്കുകയും, ഏകദേശം 1750 മീറ്റർ ദൂരത്തിൽ 300 എം.എംഡിഐ (കെ9) പൈപ്പുകളും 160 എം.എംപി.വി.സി പൈപ്പുകളും സ്ഥാപിക്കുകയും ചെയ്യും. വിതരണ ശൃംഖലയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള എല്ലാ അനുബന്ധ പ്രവൃത്തികളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
തൃക്കാക്കരയിലെ കിഴക്കൻ മേഖലകളായ നവോദയ,വായനശാല, തേങ്ങോട് പ്രദേശത്തെ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട ജനങ്ങളുടെ ഏറെക്കാലമായി നിലനിന്ന ആവശ്യങ്ങൾ പരിഹരിക്കാൻ സഹായകരമായിരിക്കും ഈ പദ്ധതി.വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി എല്ലാ പിന്തുണയും ഉറപ്പുവരുത്തുമെന്നും ഉമ തോമസ് എം.എൽ.എ അറിയിച്ചു.