/kalakaumudi/media/media_files/2025/08/27/whatsapp-ima-2025-08-27-18-42-29.jpeg)
കൊച്ചി : കൊച്ചിയുടെ മുഖഛായ മാറ്റുന്ന കനാല്‍ നവീകരണ പദ്ധതിയുടെ ഭാഗമായി ചിലന്നൂര്‍ കനാലില്‍ ഡ്രഡ്ജിംഗ് ജോലികള്‍ ആരംഭിച്ചു. ആറുമാസം കൊണ്ട് 65,000 ക്വുബിക് മീറ്റര്‍ മണ്ണ് നീക്കി കനാലിന്റ ആഴം കൂട്ടുകയാണ് ലക്ഷ്യം. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ പദ്ധതിയാണ് കൊച്ചിയിലെ കനാല്‍ നവീകരണ പദ്ധതിയെന്നും ചിലന്നൂര്‍ കനാലിന്റെ ആഴം കൂട്ടി വൃത്തിയാക്കുന്നതോടെ കനാലിന്റെ സ്വഭാവം മാറുമെന്നും നീരൊഴുക്ക് കൂടുമെന്നും വൃത്തി കൈവരുമെന്നും ജില്ലയുടെ ചുമതലയുള്ള വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ചിലവന്നൂര്‍ കനാലിലൂടെയുള്ള ജലഗതാഗതത്തിനുള്ള സാധ്യതയും ഇതോടെ ഉരുത്തിരിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബണ്ട് റോഡ് പാലത്തിന്റെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. ഡിസംബറില്‍ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കനാല്‍ ഡ്രഡ്ജിംഗിനൊപ്പം ബണ്ട് റോഡ് ഭാഗത്ത് 500 മീറ്റര്‍ നീളത്തില്‍ കനാല്‍ തീരം സൗന്ദര്യവല്‍ക്കരിക്കുന്ന ജോലികളുടെ ടെണ്ടറിംഗ് നടപടികളും ആരംഭിച്ചു. കനാല്‍ തീരത്ത് ടൂറിസം, റിക്രിയേഷന്‍, ജല കായിക വിനോദം തുടങ്ങിയവയ്ക്കുള്ള സംവിധാനങ്ങളും പദ്ധതിയുടെ ഭാഗമായി ഏര്‍പ്പെടുത്തും. രണ്ട് ബോട്ട് ജട്ടികള്‍ നിര്‍മിക്കാനും മംഗളവനം കനാല്‍ വികസിപ്പിക്കാനുമുള്ള ഡിപിആര്‍ ഇതിനോടകം സമര്‍പ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ചിലവന്നൂര്‍ കനാലിന്റെ ഡ്രഡ്ജിംഗ് ജോലികള്‍ മുടങ്ങിയതും സുഭാഷ് ചന്ദ്രബോസ് റോഡിലെ നിലവിലുള്ള കള്‍വെര്‍ട്ടിന്റെ വീതി കുറഞ്ഞതുമാണ് മഴക്കാലത്തെ വെള്ളപ്പൊക്കത്തിന് കാരണമെന്ന് കെ.എം.ആര്‍.എല്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇക്കാര്യം സംസ്ഥാന സര്‍ക്കാരിന്റെയും കിഫ്ബിയുടെയും ശ്രദ്ധിയില്‍ പെടുത്തുകയും അനുമതി തേടുകയും ചെയ്തശേഷമാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ഇവിടെ ഡ്രഡ്ജിംഗ് ജോലികള്‍ ആരംഭിച്ചത്. സുഭാഷ് ചന്ദ്രബോസ് റോഡ് കല്‍വെര്‍ട്ടിന്റെ പുനരുദ്ധാരണത്തിനുള്ള ടെണ്ടറിംഗ് നടപടികളും അന്തിമ ഘട്ടത്തിലാണ്. ഇതിന്റെ ജോലികളും ഉടനെ ആരംഭിക്കും.
കനാലിലെ ഡ്രെഡ്ജിംഗ് വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് സുഗമമാക്കുകയും തടസങ്ങളെ നീക്കുകയും വെള്ളപ്പൊക്ക സാധ്യത ഇല്ലാതാക്കുകയും ചെയ്യും. വെള്ളം സുഗമമായി ഉഴുകുന്നതൊടെ വെള്ളക്കെട്ട് ഇല്ലാതാക്കുകയും കൊതുകുകള്‍ വളരാനുള്ള സാധ്യത ഇല്ലാതാകുകയും ചെയ്യും. കൊതുകു പരത്തുന്ന രോഗങ്ങളെ ഒഴിവാക്കാനും പ്രദേശവാസികളുടെ ആരോഗ്യരക്ഷയ്ക്ക് ഉപകരിക്കുകയും ചെയ്യും.
കൊച്ചിയിലെ ആറുകനാലുകള്‍ നവീകരിക്കുന്ന കിഫ്ബി ധനസഹായത്തോടെ കെ.എം.ആര്‍.എല്ലും വാട്ടര്‍ അതോറിറ്റിയും ചേര്‍ന്ന് നടപ്പാക്കുന്ന 3716.10 കോടി രൂപയുടെ ഐയുആര്‍ഡബ്ലുറ്റിസ് പദ്ധതിയുടെ ഭാഗമായാണ് ചിലവന്നൂര്‍ കനാല്‍ നവീകരണ ജോലികള്‍ ആരംഭിച്ചത്. പദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍ പൊതുജനങ്ങളെ അറിയിക്കാന്‍ കഴിഞ്ഞയിടെ ടൗണ്‍ഹാളില്‍ ബോധവൽക്കരണ പരിപാടിയും വര്‍ക്ക്‌ഷോപ്പും സംഘടിപ്പിച്ചിരുന്നു.