മാവൂര്‍: പകര്‍ച്ചവ്യാധികളും മറ്റ് അനേകം രോഗങ്ങളും വ്യാപകമാകുന്ന കാലഘട്ടത്തില്‍ പ്രതിരോധത്തില്‍ ഊന്നിയുള്ള ചികിത്സാരീതിയാണ് ആവശ്യമെന്ന് മുന്‍ ആരോഗ്യ മന്ത്രിയും എംഎല്‍എയുമായ കെ.കെ ശൈലജ. ഇന്ത്യന്‍ ഓങ്കോളജി സൊസൈറ്റിയും എം.വി.ആര്‍ കാന്‍സര്‍ സെന്ററും സംയുക്തമായി സംഘടിപ്പിച്ച കാന്‍കോണ്‍ അന്താരാഷ്ട്ര സെമിനാറിന്റെ സമാപനസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. പ്രതിരോധവും സുരക്ഷയും സാന്ത്വന ചികിത്സയുമാണ് കാന്‍സര്‍ രോഗത്തില്‍ പ്രധാനമായും അവലംബിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നത് പൂര്‍ണ രോഗമുക്തിയാണ്. അതിനുള്ള കാല്‍വെയ്പ്പാണ് കാന്‍കോണ്‍പോലെയുള്ള സെമിനാറുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അവര്‍ പറഞ്ഞു.
എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍ വിജയകൃഷ്ണന്‍ അധ്യക്ഷനായ ചടങ്ങില്‍ എം.വി.ആര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. നാരായണന്‍കുട്ടി വാര്യര്‍ മൂന്നു ദിവസമായി നടന്ന സെമിനാറുകളെകുറിച്ച് വിശദീകരിച്ചു. പി.ടി.എ റഹീം എം.എല്‍.എ, കെ.ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ സി.കെ അബ്ദുല്ലക്കോയ, കാന്‍കോണ്‍ ജോ. സെക്രട്ടറി ഡോ. ശ്രീലത വര്‍മ്മ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ഒരിക്കല്‍ ചികിത്സിച്ചു ഭേദമാക്കിയ രോഗം വീണ്ടും തിരിച്ചുവന്നാല്‍ എങ്ങനെ നേരിടാമെന്നതായിരുന്നു ഈവര്‍ഷ സെമിനാറിന്റെ പ്രമേയം. കരള്‍, വയറിനുള്ളിലെ പെരിറ്റോണിയം, ശ്വാസകോശം എന്നീ ഭാഗങ്ങളിലാണ് മുഖ്യമായും രോഗം തിരിച്ചുവരുന്നത്. ഇതിനുള്ള പുതിയ ചികിത്സാരീതികളെകുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടന്നു. കരളില്‍ രോഗം രണ്ടാമതോ മൂന്നാമതോ തിരിച്ചുവന്നാല്‍പോലും കരളിന്റെ ഭാഗങ്ങള്‍ മുറിച്ചുമാറ്റാതെ രോഗം ഭേദമാക്കുന്ന രീതികള്‍ ഇറ്റലിയില്‍നിന്നെത്തിയ വിദഗ്ധ ഡോക്ടര്‍മാര്‍ അവതരിപ്പിച്ചു.വിദേശങ്ങളിലെ നൂതന ചികിത്സകള്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ എങ്ങിനെ ചിലവുകുറച്ച് ചെയ്യാന്‍ കഴിയുമെന്നതിനെ കുറിച്ചാണ് കാന്‍കോണ്‍ പ്രധാനമായു ചര്‍ച്ചചെയ്തത്.