റെയില്‍വേ സ്റ്റേഷന്‍ വഴി വ്യാപകമായി കഞ്ചാവ് കടത്ത്

ആര്‍.പി.എഫും എക്‌സൈസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 19.6 കിലോ കഞ്ചാവ് പിടികൂടി.

author-image
Punnya
New Update
cannabis flow

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് പിടികൂടിയ കഞ്ചാവുമായി എക്‌സൈസും ആര്‍.പി.എഫും

കണ്ണൂര്‍: റെയില്‍വേ സ്റ്റേഷന്‍ വഴി കിലോക്കണക്കിന് കഞ്ചാവും ലഹരി ഉല്‍പ്പന്നങ്ങളും കടത്തുന്നത് വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. ആര്‍.പി.എഫും എക്‌സൈസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 19.6 കിലോ കഞ്ചാവ് പിടികൂടി. മൂന്നാം നമ്പര്‍ പ്ലാറ്റ് ഫോമിന്റെ വടക്ക് വശത്ത് ഉടമസ്ഥനില്ലാത്ത നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. വലിയ ചാക്കിനകത്ത് പ്ലാസ്റ്റിക് കവറിനുള്ളില്‍ പോളിത്തീന്‍ കവറിലാക്കി ഒതുക്കി കെട്ടിവെച്ചനിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. റെയില്‍വേ സ്റ്റേഷനിലെയും പരിസര പ്രദേശങ്ങളിലേയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും പ്രതിയെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. പരിശോധന കണ്ടതോടെ കഞ്ചാവ് ഉപേക്ഷിച്ച് കടന്നതാവാനാണ് സാധ്യത. കഴിഞ്ഞദിവസവും റെയില്‍വേ സ്റ്റേഷനില്‍ ഉടമസ്ഥനില്ലാത്ത നിലയില്‍ കഞ്ചാവ് പിടികൂടിയിരുന്നു. മൂന്നാം പ്ലാറ്റ്‌ഫോമിന്റെ വടക്കുഭാഗത്ത് നിന്ന് 3.756 കിലോ കഞ്ചാവാണ് ചൊവ്വാഴ്ച കണ്ടെത്തിയത്. ക്രിസ്മസ്-പുതുവത്സരാഘോഷം നടക്കുന്ന കാലയളവില്‍ ലഹരി പദാര്‍ഥങ്ങളുടെ ഉപഭോഗം, വിപണനം, സംഭരണം എന്നിവ തടയാനായി എക്‌സൈസ് സംയുക്ത പരിശോധനകള്‍ നടത്തുന്നുണ്ട്. കണ്ണൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.പി. ജനാര്‍ദനനും സംഘവും കണ്ണൂര്‍ ആര്‍.പി.എഫുമായി ചേര്‍ന്ന് റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പ്രതിയെ കണ്ടെത്തുന്നതിനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് എക്‌സൈസും ആര്‍.പി.എഫും. പ്രിവന്റീവ് ഓഫിസര്‍ നിസാര്‍ കൂലോത്ത്, എക്‌സൈസ് ഇന്റലിജന്‍സ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷജിത്ത് കണ്ണിച്ചി, പ്രിവന്റീവ് ഓഫിസര്‍ സി. ജിതേഷ്, ആര്‍.പി.എഫ് സബ് ഇന്‍സ്പെക്ടര്‍മ്മാരായ സജി അഗസ്റ്റിന്‍, വി.വി. സഞ്ജയ് കുമാര്‍ തുടങ്ങിയവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

kannur railway cannabis