കൊച്ചി: ഹരിത കർമ്മ സേനാംഗത്തെ ഇടിച്ചു തെറിപ്പിച്ച ശേഷം ആശുപത്രിയിൽ എത്തിക്കാതെ കാറുമായി ഡ്രൈവർ മുങ്ങി. എളമക്കര എൽ.എഫ്.സി റോഡിൽ കഴിഞ്ഞ ഏഴിന് പുലർച്ചെ 3.20ന് നടന്ന സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നപ്പോഴാണ് പൊലീസ് അന്വേഷണം ഉൗർജിതമായത്. അമിത വേഗത്തിലെത്തിയ കാർ ഇടിച്ച് ഇടപ്പള്ളി പൊന്നിൻചിറ റോഡിൽ താമസിക്കുന്ന മാരിയപ്പന്റെ ഭാര്യ നിഷയ്‌ക്കാണ് (39) ഗുരുതര പരിക്കേറ്റത്. എളമക്കര സ്വദേശി സരൺ പ്രസാദാണ് കാർ ഓടിച്ചിരുന്നത്.
മാലിന്യം ശേഖരിക്കുന്ന ഉന്തുവണ്ടിയുമായി നിഷ റോഡിലൂടെ നടന്നുനീങ്ങവേ പിന്നിൽ നിന്ന് എത്തിയ കാർ ഇടിക്കുകയായിരുന്നു. ആഘാതത്തിൽ ഉന്തുവണ്ടിയും തെറിച്ചുപോയി. റോഡിൽ ആരുമില്ലാത്തതിനാൽ കൂടുതൽ അപകടങ്ങൾ ഉണ്ടായില്ല. നിഷയുടെ ഇടതുകാലിന് പൊട്ടലും നടുവിന് ചതവുമുണ്ട്. ചികിത്സയ്‌ക്കു ശേഷം വീട്ടിൽ വിശ്രമത്തിലാണിവർ.
വാഹനത്തിലുണ്ടായിരുന്നയാൾ ആശുപത്രിയിൽ പോകാമെന്ന് അറിയിച്ചെങ്കിലും പെട്ടെന്ന് കാറുമായി കടന്നുകളഞ്ഞതായി നിഷ പറഞ്ഞു. ശബ്ദം കേട്ട് സമീപത്തുണ്ടായിരുന്ന മാരിയപ്പനെത്തി മാലിന്യം ശേഖരിക്കുന്ന ഓട്ടോയിലാണ് നിഷയെ ആശുപത്രിയിലെത്തിച്ചത്. തെളിവ് സഹിതം പരാതി നൽകിയെങ്കിലും വേണ്ടവിധം പൊലീസ് അന്വേഷണം നടത്തിയില്ലെന്നും തന്റെ മൊഴി രേഖപ്പെടുത്തിയില്ലെന്നും നിഷ ആരോപിച്ചു.
മാരിയപ്പന്റെ പരാതിയിൽ കാർ ഡ്രൈവർക്ക് എതിരെ എറണാകുളം നോർത്ത് പൊലീസ് കേസെടുത്തു. കാറുടമയെ വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിക്കുമെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് കേസ് എളമക്കര പൊലീസിന് കൈമാറും. മാരിയപ്പനും നിഷയും കൊച്ചി കോർപ്പറേഷനിലെ ഹരിത കർമ്മ സേനാംഗങ്ങളാണ്.