തിരുവനന്തപുരം: സർക്കാർ പ്രഖ്യാപിച്ച കാരവൻ ടൂറിസം കട്ടപ്പുറത്ത്. സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലക്ക് വൻ മുതൽക്കൂട്ടാകുമെന്ന് പറഞ്ഞ് തുടങ്ങിയ പദ്ധതി പേരിനൊരു കാരവൻ പോലും ഇല്ലാത്ത അവസ്ഥയിലാണ് ഇപ്പോൾ. വിനോദ സഞ്ചാര വകുപ്പിൻറെ വൻ വാഗ്ദാനങ്ങൾ വിശ്വസിച്ച് കാരവനും കാരവൻ പാർക്കും തുടങ്ങാൻ പണം നിക്ഷേപിച്ച സംരംഭകരിൽ മിക്കവരും കോടികളുടെ നഷ്ടത്തിലും കടക്കെണിയിലുമാണ്.
മുപ്പത്താറ് വര്ഷത്തിനിടക്ക് കേരളത്തിന് പുതിയൊരു ടൂറിസം പ്രൊഡക്ട് എന്ന് വിശേഷിപ്പിച്ചാണ് മന്ത്രി മുഹമ്മദ് റിയാസ് കാരവൻ പാർക്കുകൾ പ്രഖ്യാപിച്ചത്. ആഡംബര യാത്രക്കൊപ്പം പ്രകൃതി രമണീയമായ സ്ഥലത്ത് അതേ വാഹനത്തിൽ തന്നെ താമസ സൗകര്യവും ഒരുക്കുന്നതായിരുന്നു പദ്ധതി. കോടികൾ മുടക്കി നാടുനീളെ പ്രചാരം നൽകി. ഉദ്ഘാടനങ്ങൾ നടന്നു. ടൂറിസം മേഖലയിൽ മുമ്പെങ്ങുമില്ലാത്ത എന്തോ നടക്കാൻ പോകുന്നു എന്ന തോന്നലുണ്ടാക്കി.
എന്നാൽ മാസങ്ങൾക്ക് ശേഷം സംസ്ഥാന തല ഉദ്ഘാടനം നടന്ന വാഗമണിൽ നിന്ന് നോക്കുമ്പോൾ കാണുന്നത് കട്ടപ്പുറത്തായ കാരവൻ ടൂറിസമാണ്.
നാല് സീറ്റും കിടക്കാനുള്ള സൗകര്യവും ശുചിമുറിയും മുതൽ ഹോം തിയറ്റർ വരെയുള്ള സൗകര്യങ്ങളോടെ ഒരു കാരവൻ ഇറക്കാൻ ഒരു കോടിയോളം രൂപ വേണം. 20000 മുതൽ 25000 വരെ വാടക. മുടക്ക് മുതൽ മുതലാകണമെങ്കിൽ പകുതിയിലധികം ദിവസം നിർത്താതെ ഓടേണ്ട അവസ്ഥ. 1500 ഓളം കാരവനുകളിറക്കാൻ 373 സംരംഭകർ രജിസ്റ്റർ ചെയ്തെന്നായിരുന്നു ടൂറിസം വകുപ്പിൻറെ അവകാശവാദം.
150 ഓളം പാർക്കുകൾക്ക് പ്രപ്പോസാലായെന്നും. എന്നിട്ടിപ്പോൾ എത്ര കാരവനുണ്ടെന്ന വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് 10 എന്നാണ് ഉത്തരം. പൂട്ടിക്കെട്ടിയ പദ്ധതിയുടെ കണക്ക് ചോദിച്ചാൽ പരിശോധിക്കണമെന്ന മുട്ടാപ്പോക്കാണ് മറുപടി. സഞ്ചാരികളെ ആകർഷിക്കുന്നതിൽ തുടങ്ങി കാരവനുകൾ നിർത്തിയിടാനുള്ള സൗകര്യത്തിൽ വരെ വെറും വാക്കല്ലാതെ വകുപ്പൊന്നും ചെയ്തില്ലെന്നാണ് കൈപൊള്ളിയ സംരംഭകരുടെ സാക്ഷ്യം.