എനര്‍ജി മാനേജ്‌മെന്റ് സെന്ററില്‍ കാര്‍ബണ്‍ ക്രെഡിറ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍ ആരംഭിക്കും

കാര്‍ബണ്‍ ന്യൂട്രാലിറ്റി പ്രോജക്റ്റുകള്‍ നടപ്പിലാക്കുന്ന സ്ഥാപനങ്ങള്‍ക്ക് കാര്‍ബണ്‍ ക്രെഡിറ്റ് നേടുന്നതിനുള്ള സഹായം നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്

author-image
Sneha SB
New Update
E BOOK

അനേര്‍ട്ട് ഡയറക്ടര്‍ കടകംപളളി സുരേന്ദ്രന് ഇ-പുസ്തകം കൈമാറുന്നു

 

ലോക പരിസ്ഥിതി ദിനത്തില്‍ (2025 ജൂണ്‍ 5) കേരളത്തിലെ എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ഒരുകാര്‍ബണ്‍ ക്രെഡിറ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. കാര്‍ബണ്‍ ന്യൂട്രാലിറ്റി പ്രോജക്റ്റുകള്‍ നടപ്പിലാക്കുന്ന സ്ഥാപനങ്ങള്‍ക്ക് കാര്‍ബണ്‍ ക്രെഡിറ്റ് നേടുന്നതിനുള്ള സഹായം നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കാര്‍ബണ്‍ ക്രെഡിറ്റ് മാര്‍ക്കറ്റിംഗില്‍ വൈദഗ്ധ്യമുള്ള ആറ് കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളെ ഇതിനായി ഇ. എം. സി. എംപാനല്‍ ചെയ്തിട്ടുണ്ട്.

'ഡി മിസ്റ്റിഫൈയിംഗ് കാര്‍ബണ്‍ ക്രെഡിറ്റ്' എന്ന ശില്പശാലയുടെയും 'ഉണര്‍വ്വ്' പരിപാടിയുടെ മൂന്നാം പതിപ്പിന്റെയും ഓണ്‍ലൈന്‍ ഉദ്ഘാടന വേളയിലാണ് ഈ പ്രഖ്യാപനം നടത്തിയത്. വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ കെ. കൃഷ്ണന്‍കുട്ടിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കുന്നതിനും വരുമാനം നേടുന്നതിനും കാര്‍ബണ്‍ ക്രെഡിറ്റ് സംവിധാനം സഹായിക്കുമെന്ന് ഊര്‍ജ്ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശ്രീ പുനീത്കുമാര്‍ ഐഎഎസ് മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. ഊര്‍ജ്ജ കാര്യക്ഷമതാ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ കേരളം മുന്നിലാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രകൃതി ദുരന്തങ്ങള്‍ ഏറെ അനുഭവിച്ച കേരളം കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കുന്ന പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ടെന്ന് ഓര്‍മ്മിപ്പിച്ചു. ഊര്‍ജ്ജ സംരക്ഷണ നിയമഭേദഗതിയിലൂടെ രാജ്യത്ത് നടപ്പില്‍ വരുന്ന സ്വന്തം കാര്‍ബണ്‍ ക്രെഡിറ്റ് മാര്‍ക്കറ്റിംഗ് സിസ്റ്റം സുസ്ഥിര വികസന പദ്ധതികള്‍ക്ക് കൂടുതല്‍ സഹായകമാകുമെന്നും അദ്ദേഹം പ്രത്യാശിച്ചു.
കാര്‍ബണ്‍ ന്യൂട്രാലിറ്റി പ്രോജക്റ്റുകള്‍ക്ക് സഹായം നല്‍കുന്നതിനായി ആറ് കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളെ എംപാനല്‍ ചെയ്തതിനെക്കുറിച്ച്  ഇ. എം. സി. ഡയറക്ടര്‍ ഡോ. ആര്‍. ഹരികുമാര്‍ വിശദീകരിച്ചു. ഇ. എം. സി. യും  എച്ച്. എല്‍. എല്‍. ലൈഫ് കെയര്‍ ലിമിറ്റഡും തമ്മിലുള്ള ധാരണാപത്രം കൈമാറുകയും, 'ഊര്‍ജ്ജ സംരക്ഷണം ജീവസംരക്ഷണം' എന്ന EMC തയ്യാറാക്കിയ ഇ-പുസ്തകം ശ്രീ കടകംപള്ളി സുരേന്ദ്രന്‍ പ്രകാശനം ചെയ്യുകയും ചെയ്തു. 250 പ്രതിനിധികള്‍ പങ്കെടുത്ത ശില്പശാലയില്‍ എംപാനല്‍ ചെയ്ത കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

 

new project Environment