ഉല്‍പാദന മേഖല ക്രിസ്തുമസിലേയ്ക്ക് ശ്രദ്ധതിരിച്ചതിനാല്‍ പ്രമുഖ വിപണികളിലേയ്ക്കുള്ള ഉല്‍പ്പന്ന നീക്കത്തില്‍ ഗണ്യമായ കുറവ്. ഉത്സവ സീസണായതിനാല്‍ ഈ വാരം ചരക്ക് വരവ് ഉയരാന്‍ ഇടയില്ലെന്നാണ് വ്യാപാരികള്‍. ഉല്‍പാദന മേഖലയില്‍ നടന്ന ഏലക്ക ലേലത്തില്‍ ആകെ 31,349 കിലോ ചരക്ക് വന്നതില്‍ 30,975 കിലോയും വിറ്റുപോയി. കയറ്റുമതിക്കാരില്‍ നിന്നും ഉത്തരേന്ത്യന്‍ വാങ്ങലുകാരില്‍ നിന്നും ഏലത്തിന് ശക്തമായ ഡിമാന്റ് ദൃശ്യമായി. വലിപ്പം കൂടിയയിനങ്ങള്‍ കിലോ 3263 രൂപയിലും ശരാശരി ഇനങ്ങള്‍ കിലോ 2895 രൂപയിലും ലേലം കൊണ്ടു. അതേസമയം, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നാളികേര വില വീണ്ടും ഉയര്‍ന്നു, വെളിച്ചെണ്ണയ്ക്ക് ആവശ്യം ഉയര്‍ന്നത് കണ്ട് തമിഴ്‌നാട്ടിലെ വന്‍കിട മില്ലുകാര്‍ എണ്ണ വില ക്വിന്റ്‌റലിന് 125 രൂപ ഉയര്‍ത്തി, ഇതിന്റ ചുവട് പിടിച്ച് കൊച്ചിയില്‍ 100 രൂപയും കയറി. കേന്ദ്രം കൊപ്രയുടെ താങ്ങ് വില ഉയര്‍ത്തിയത് വരും മാസങ്ങളിലും മെച്ചപ്പെട്ട വിലയ്ക്ക് അവസരം ഒരുക്കുമെന്ന പ്രതീക്ഷയിലാണ് ഉല്‍പ്പാദകര്‍.