ബോബി ചെമ്മണൂരിനെതിരായ കേസ്: ഹണി റോസ് രഹസ്യമൊഴി നല്‍കി

എറണാകുളം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി നല്‍കിയത്. ബുധനാഴ്ച വൈകുന്നേരം കോടതിയില്‍ നേരിട്ട് എത്തിയാണ് രഹസ്യമൊഴി നല്‍കിയത്.

author-image
Prana
New Update
honey rose

ബോബി ചെമ്മണൂര്‍ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസില്‍ പരാതിക്കാരിയായ നടി ഹണി റോസ് രഹസ്യമൊഴി നല്‍കി. എറണാകുളം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി നല്‍കിയത്. ബുധനാഴ്ച വൈകുന്നേരം കോടതിയില്‍ നേരിട്ട് എത്തിയാണ് രഹസ്യമൊഴി നല്‍കിയത്. ബോബി ചെമ്മണൂരിനെ കസ്റ്റഡിയിലെടുത്ത ശേഷമുള്ള പ്രധാനപ്പെട്ട നീക്കമാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്.
കേസില്‍ ബോബി ചെമ്മണൂരിനെ എറണാകുളത്ത് എത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തി ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കാനാണ് പോലീസ് നീക്കം. കോടതിയില്‍ ഹാജരാക്കുമ്പോള്‍ ബോബി ചെമ്മണൂര്‍ ജാമ്യഹര്‍ജി നല്‍കിയേക്കും. പരാതിക്കാരിയുടെ രഹസ്യമൊഴി ഇന്നുതന്നെ നല്‍കുന്നതിലൂടെ ഇതു തടയുകയാണ് പോലീസിന്റെ ലക്ഷ്യം എന്നു കരുതുന്നു. രഹസ്യമൊഴി കോടതിയുടെ മുന്നിലെത്തിയാല്‍ ബോബി ചെമ്മണൂരിന് ജാമ്യം കിട്ടുക ബുദ്ധിമുട്ടാവും. 
ബുധനാഴ്ച രാവിലെയാണ് നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണൂരിനെ വയനാട്ടില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് ബോബി ചെമ്മണൂരിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീകള്‍ക്കുനേരേ അശ്ലീലപരാമര്‍ശം നടത്തുക, അത്തരം പരാമര്‍ശങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കല്‍ എന്നീ കുറ്റകൃത്യങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ബോബി ചെമ്മണൂര്‍ തുടര്‍ച്ചയായി അശ്ലീല അധിക്ഷേപങ്ങള്‍ നടത്തിയെന്നാരോപിച്ച് പരാതി നല്‍കിയശേഷം ഹണി റോസ് തന്നെയാണ് ഇത് സാമൂഹികമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്.

bobby chemmanur court case honey rose