/kalakaumudi/media/media_files/2025/08/02/cinema-conclave-2025-08-02-13-09-56.jpg)
തിരുവനന്തപുരം: മലയാള സിനിമയിലുളള പലവിധത്തിലുള്ള പരാതികളും ആരോപണങ്ങളും അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് കൊണ്ടുവന്ന സിനിമ നയ രേഖയിലുള്ളത് നിരവധി നിര്‍ദേശങ്ങള്‍. തിരുവനന്തപുരത്ത് സിനിമ കോണ്‍ക്ലേവിലാണ് നയരേഖ അവതരിപ്പിച്ചത് വിവിധ സംഘടനകളുമായി നയരൂപീകരണ സമിതി നടത്തിയ ചര്‍ച്ചകളില്‍ നിന്നാണ് കരട് നയരേഖയ്ക്ക് രൂപം നല്‍കിയത്.
സിനിമാ മേഖലയില്‍ ലഹരി ഉപയോഗം ഇല്ലാതാക്കുന്നതിന് കൗണ്‍സലിംഗും റീഹാബിലിറ്റേഷനും നയരേഖയില്‍ നിര്‍ദേശിക്കുന്നുണ്ട്. ദിവസ വേതനക്കാരെ ചൂഷണം ചെയ്യുന്നത് തടയാന്‍ കമ്മീഷന്‍ ഏജന്റുമാരെ നിയമിക്കണമെന്നാണ് മറ്റൊരു നിര്‍ദേശം. വിവേചനം, ലൈംഗികാതിക്രമം, അധികാര കേന്ദ്രീകരണം എന്നിവ നിരോധിക്കണമെന്നും അധികാര ശ്രേണികള്‍ ഇല്ലാതാക്കണമെന്നും നയരേഖ പറയുന്നു.
അധികാര രൂപങ്ങളുടെ അമിത നിയന്ത്രണം ഒഴിവാക്കണമെന്നാണ് ഒരു നിര്‍ദേശം. സിനിമാ മേഖലയിലെ എല്ലാ സംഘടനകള്‍ക്കും ഏകീകൃതമായ പെരുമാറ്റ ചട്ടം കൊണ്ടുവരണം. പ്രൊഡക്ഷന്‍ കേന്ദ്രങ്ങളില്‍ സുരക്ഷ, തുല്യത ഉദ്യോഗസ്ഥര്‍ വേണം. ലിംഗാടിസ്ഥാനത്തില്‍ ശുചിമുറികള്‍ വേണം. വിശ്രമ മുറികള്‍ ഉറപ്പാക്കണം. പുരുഷാധിപത്യമുളള മേഖലകളില്‍ സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും പങ്കാളിത്തം വര്‍ദ്ധിപ്പിക്കണം. സിനിമ സെറ്റുകളില്‍ പോഷ് നിയമം ശരിയായി നടപ്പാക്കണം. ആഭ്യന്തര പരാതി പരിഹാര സംവിധാനം കാര്യക്ഷമമാക്കണം.
കാസ്റ്റിംഗ് കൗച്ച് ഇല്ലാതാക്കണം . പുതുമുഖങ്ങളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണം. കുറ്റക്കാരെ പുറത്താക്കി ബ്ലാക്ക് ലിസ്റ്റ് ചെയ്യണം. പ്രൊഫഷണല്‍ കാസ്റ്റിംഗ് ഡയറക്ടര്‍മാര്‍ വേണം. സ്റ്റുഡിയോയിലും ഓഡിഷനിലും കാസ്റ്റിംഗ് ഡയറക്ടര്‍മാര്‍ വേണം. ഓഡിഷനിങ്ങില്‍ സിനിമയുടെ ഭാഗമല്ലാത്ത രണ്ട് വ്യക്തികളുടെ സാന്നിധ്യം വേണം. കാസ്റ്റിംഗ് കൗച്ച് പരാതികള്‍ പറയാന്‍ രഹസ്യ സംവിധാനം രൂപീകരിക്കണമെന്നും കരട് രേഖയില്‍ ആവശ്യപ്പെടുന്നു.