സിദ്ധാർഥന്റെ മരണം: പ്രാഥമിക കുറ്റപത്രം സമർപ്പിച്ച് സിബിഐ; ജാമ്യഹർജിയിൽ വാദം വെള്ളിയാഴ്ച

സിദ്ധാർഥൻറെ മരണവുമായി ബന്ധപ്പെട്ട് 20 വിദ്യാർഥികളെയാണ് ഇതുവരെ അറസ്റ് ചെയ്തത്. ഇതിൽ പത്തോളം വിദ്യാര്‍ഥികളാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്

author-image
Vishnupriya
Updated On
New Update
sidhrth

ജെ.എസ്.സിദ്ധാർഥ്

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ.എസ്.സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ പ്രാഥമിക കുറ്റപത്രം ഹൈക്കോടതിയിൽ സമർപ്പിച്ചു. കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സിബിഐ കുറ്റപത്രം ഹാജരാക്കിയത്. കുറ്റപത്രത്തിന്റെ പകര്‍പ്പ് പ്രതികൾക്ക് നൽകാനും ജസ്റ്റിസ് സി.പ്രതീപ് കുമാർ നിർദേശിച്ചു. ജാമ്യഹർജിയിൽ വെള്ളിയാഴ്ച വാദം കേൾക്കും.

സിദ്ധാർഥൻറെ മരണവുമായി ബന്ധപ്പെട്ട് 20 വിദ്യാർഥികളെയാണ് ഇതുവരെ അറസ്റ് ചെയ്തത്. ഇതിൽ പത്തോളം വിദ്യാര്‍ഥികളാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ പ്രാഥമിക കുറ്റപത്രം ഹാജരാക്കാൻ സിബിഐക്ക് കോടതി നിർദേശം നൽകിയിരുന്നു. ജാമ്യഹര്‍ജിയെ സിബിഐ അന്ന് എതിർക്കുകയും ചെയ്തിരുന്നു. ഗുരുതരമായ കുറ്റകൃത്യമാണ് നടന്നിരിക്കുന്നത് എന്നാണ് സിബിഐ വാദിച്ചത്.

അതേസമയം, പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ്  പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ഒരു മാസമായി തങ്ങൾ ജയിലിലാണെന്നും പഠനം തടസ്സപ്പെട്ടെന്നും വസ്തുതകൾ പരിഗണിക്കാതെയാണ് സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതെന്നുമാണു വിദ്യാർഥികളുടെ വാദം. 2024 ഫെബ്രുവരി 18നാണ് സിദ്ധാർഥനെ ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികള്‍ പരസ്യവിചാരണ നടത്തുകയും മർദിക്കുകയും ചെയ്തതിനെ തുടർന്ന് സിദ്ധാർഥൻ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് കേസ്.

siddharth murder case