/kalakaumudi/media/media_files/2025/12/11/malayattoor-2025-12-11-13-22-46.jpg)
മലയാറ്റൂർ:മലയാറ്റൂരിൽ കൊല്ലപ്പെട്ട ചിത്രപ്രിയയും സുഹൃത്ത് അലനും തമ്മിൽ നേരത്തെയും പലവട്ടം വഴക്കുണ്ടായിട്ടുണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചു.
പെൺകുട്ടിക്ക് വേറെയും സൗഹൃദങ്ങളുണ്ടെന്ന സംശയത്തിലായിരുന്നു ഇത്തരത്തിൽ വഴക്ക് നടന്നിരുന്നത് .
കൊലപാതകം നടന്ന ദിവസവും കാടപ്പാറ റോഡരികിലെ ഒഴിഞ്ഞ പറമ്പിൽ ഇരുവരും തമ്മിൽ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങൾ കണ്ടെത്തി . മൃതദേഹത്തിനു സമീപം ഒഴിഞ്ഞ മദ്യ കുപ്പിയും 2 സോഫ്റ്റ് ഡ്രിങ്ക് കുപ്പികളും കണ്ടെത്തിയിരുന്നു.
ചിത്രപ്രിയയെ ശനിയാഴ്ച വൈകിട്ട് മുതൽ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ പൊലീസിന്റെ അന്വേഷണം നടക്കുകയായിരുന്നു.
അലന്റെ ബൈക്കിൽ യുവതി കയറിപ്പോകുന്നത് കണ്ടുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അലനെ ചോദ്യം ചെയ്തുവെങ്കിലും ചിത്രപ്രിയയെ വൈകിട്ട് 6 ന് കാടപ്പാറയിൽ ഇറക്കി വിട്ടുവെന്നാണ് പറഞ്ഞത്.
തുടർന്ന് അലനെ വിട്ടയച്ചു. എന്നാൽ സിസിടിവി ദൃശ്യം ലഭിച്ചപ്പോൾ ശനിയാഴ്ച രാത്രി 2 മണിയോടെ അലനും യുവതിയും മലയാറ്റൂർ പള്ളിയുടെ മുന്നിൽ വരുന്നതും പെൺകുട്ടി അവിടെ ഇറങ്ങി നടക്കുന്നതും മറ്റൊരു ബൈക്കിൽ വന്ന 2 പേർ ഇവരോടു സംസാരിക്കുന്നതുമായ ദൃശ്യം ലഭിച്ചു.
തുടർന്ന് അലനെവീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം വ്യക്തമായത്.
കൊലപാതകത്തിൽ വേറെയാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായി ചിലരെ കസ്റ്റഡിയിൽ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് പറഞ്ഞു.
ശനിയാഴ്ച വൈകിട്ട് മുണ്ടങ്ങാമറ്റത്തു നടന്ന ദേശവിളക്കിൽ താലം എടുക്കുന്നതിനു പൂക്കളും താലവും സെറ്റ് മുണ്ടും ചിത്രപ്രിയ വീട്ടിൽ തയ്യാറാക്കി വച്ചിരുന്നു. എന്നാൽ പരിപാടിയിൽ പങ്കെടുത്തില്ല.
ഇതേസമയം വീട്ടിൽ നിന്നിറങ്ങി കുറച്ചുദൂരം നടന്ന് അലന്റെ ബൈക്കിൽ കയറി പോയി എന്നാണ് വ്യക്തമാകുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
