യൂത്ത് കോണ്‍ഗ്രസ് വയനാട് കളക്ടറേറ്റലേക്ക് നടത്തിയ സമാധാനപരമായ പ്രകടനത്തെ മര്‍ദ്ദിച്ച് ഒതുക്കാനുള്ള പോലീസിന്റെ ശ്രമത്തില്‍ അതിശക്തമായി പ്രതിഷേധിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വയനാട് പുനരധിവാസത്തിന് പണം നല്‍കാത്തതിനും നടപടികള്‍ സ്വീകരിക്കാത്തതിനും എതിരെയാണ് യൂത്ത് കോണ്‍ഗ്രസ് വയനാട് കളക്ടറേറ്റലേക്ക് സമാധാനപരമായി പ്രകടനം നടത്തിയത്. എന്നാല്‍ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച് ഒതുക്കാനാണ് പൊലീസ് ശ്രമിച്ചത്. ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരെയാണ് അടിച്ചമര്‍ത്തിയത്.
വയനാടിനായി കേന്ദ്രവും സംസ്ഥാനവും ഒന്നും ചെയ്യുന്നില്ല. വയനാട്ടിലെ പ്രശ്‌നങ്ങള്‍ക്കാണ് പരിഹാരം ഉണ്ടാക്കേണ്ടത്. കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ കിട്ടിയ പണം ചെലവാക്കാന്‍ തയാറാകുന്നില്ല. വീടുകള്‍ നിര്‍മ്മിക്കാന്‍ നിരവധി പേരാണ് രംഗത്തെത്തിയത്. കോണ്‍ഗ്രസും മുസ്ലിംലീഗും കര്‍ണാടക സര്‍ക്കാരും നൂറ് വീടുകള്‍ വീതം നിര്‍മ്മിക്കാമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ആര്‍ക്കും വീട് പണിയാന്‍ സാധിക്കാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. സര്‍ക്കാര്‍ എടുത്ത് നല്‍കുന്ന സ്ഥലത്ത് വീട് നിര്‍മ്മിക്കാമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ മന്ദഗതിയിലാണ്. ഇത്രയും ആളുകളെ പുനരധിവസിപ്പിക്കേണ്ട ദൗത്യം ലാഘവത്വത്തോടെയാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത്. വയനാട് പുനരധിവാസത്തില്‍ പ്രതിപക്ഷം സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കിയതാണ്. എന്നാല്‍ നടപടികള്‍ ത്വരിതപ്പെടുത്താനുള്ള ഒരു ശ്രമവും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. ഒരു പണവും നല്‍കില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാരും. ഇതിനൊക്കെ എതിരായ പ്രതിഷേധമാണ് വയനാട്ടിലുണ്ടാകുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയെ നേരിടാം. പക്ഷെ കിട്ടിയ പണം പോലും സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കാതിരിക്കുന്നതും വീടുകള്‍ നിര്‍മ്മിക്കാനുള്ള സ്ഥലം ഇത്രയും മാസങ്ങളായിട്ടും കണ്ടെത്താത്തതും ഗുരുതരമായ കൃത്യവിലോപമാണ്. അടിയന്തിരമായി അത് പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും സതീശന്‍ പറഞ്ഞു.
കോണ്‍ഗ്രസ് നിര്‍മ്മിക്കുന്ന നൂറ് വീടുകള്‍ 15 ഏക്കര്‍ സ്ഥലം വാങ്ങി നിര്‍മ്മിച്ചുനല്‍കാമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ നല്‍കുന്ന സ്ഥലത്ത് വീടുകള്‍ നിര്‍മ്മിക്കണമെന്നാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടത്. ആ നിലപാടിന് ഞങ്ങള്‍ പിന്തുണ നല്‍കി. എന്നാല്‍ സര്‍ക്കാരിന് സ്ഥലം ഏറ്റെടുക്കാന്‍ സാധിക്കുന്നില്ലെന്നത് ദൗര്‍ഭാഗ്യകരമാണ്. വിലങ്ങാടും സമാനമായ പ്രശ്‌നമാണ് നിലനില്‍ക്കുന്നത്. വിലങ്ങാട്ടെ ദുരന്തബാധിതരെയും സഹായിക്കുമെന്നാണ് സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചത്. എന്നാല്‍ ഒരു നടപടിയുമുണ്ടായില്ല.
കേന്ദ്ര സര്‍ക്കാരിനെതിരെ എല്‍.ഡി.എഫുമായി ചേര്‍ന്നുള്ള സമരത്തിന് യു.ഡി.എഫില്ല. ഒറ്റയ്ക്ക് സമരം ചെയ്യാനുള്ള ശേഷി യു.ഡി.എഫിനുണ്ട്. പാര്‍ലമെന്റിലും നിയമസഭയിലും പുറത്തും വയനാട്ടിലെ ദുരന്തബാധിതര്‍ക്കു വേണ്ടിയുള്ള സമ്മര്‍ദ്ദം യു.ഡി.എഫിന്റെ ഭാഗത്തു നിന്നുണ്ടാകും.
സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അനര്‍ഹര്‍ കൈപ്പറ്റുന്നുവെന്ന് 2022 ല്‍ സി.എ.ജി ചൂണ്ടിക്കാട്ടിയിട്ടും ഇത്രയും കാലം സംസ്ഥാന സര്‍ക്കാര്‍ എവിടെയായിരുന്നെന്നും സതീശന്‍ ചോദിച്ചു.