/kalakaumudi/media/media_files/2024/11/04/qzSx8XMut4DA6OFiun76.jpg)
സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ മുതലപ്പൊഴി ഫിഷിങ് ഹാര്‍ബര്‍ വികസന പദ്ധതി അംഗീകരിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവായി. നരേന്ദ്ര മോദി സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ചു പദ്ധതി രൂപരേഖ തയ്യാറാക്കുകയും ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികളുമായി ഏകോപനം നടത്തുകയും ആവശ്യമായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയും ചെയ്ത ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പിന്റെ കൂടെ നേട്ടമാണ് പദ്ധതിക്ക് ലഭിച്ച അംഗീകാരമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. നിലവിലെ ഫിഷിങ് ഹാര്‍ബറിന്റെ രൂപകല്‍പ്പന കേന്ദ്ര ഏജന്‍സിയായ സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച് സ്‌റ്റേഷനായിരുന്നു നടത്തിയത്. പക്ഷേ പൊഴിയില്‍ അപകടങ്ങള്‍ പതിവായതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് പ്രശ്‌നപരിഹാരത്തിനും ഫിഷിങ് ഹാര്‍ബര്‍ വികസനത്തിനുമായി പഠനം നടത്തിയത്.
177 കോടി രൂപയുടെ പദ്ധതിയുടെ ചെലവ് 60:40 എന്ന തോതില്‍ കേന്ദ്രവും സംസ്ഥാനവും പങ്കിടും. 70.80 കോടി രൂപയാണ് സംസ്ഥാന വിഹിതം. പദ്ധതി യാഥാര്‍ഥ്യമായാല്‍ 415 യന്ത്രബോട്ടുകള്‍ക്ക് ദിവസവും തുറമുഖത്ത് എത്താം. ഇതുവഴി വര്‍ഷം 38,142 ടണ്‍ മീന്‍ ഇറക്കുമതി ചെയ്യാനാകും. തീരത്തിന്റെ ആഴം വര്‍ധിപ്പിച്ച് മത്സ്യബന്ധനത്തിന് കൂടുതല്‍ സൗകര്യമൊരുക്കും.
പുലിമുട്ടിന്റെ നീളം 425 മീറ്റര്‍ വര്‍ധിപ്പിക്കും. റോഡ് നവീകരണം, പാര്‍ക്കിങ് ഏരിയ, ഡ്രെയിനേജ്, ലോഡിങ് ഏരിയ നവീകരണം, വാര്‍ഫ് വിപുലീകരണം, ലേല ഹാള്‍, ഓവര്‍ഹെഡ് വാട്ടര്‍ ടാങ്ക് നിര്‍മ്മാണം, വിശ്രമകേന്ദ്രം, കടകള്‍, ഡോര്‍മിറ്ററി, ഗേറ്റ്, ലാന്‍ഡ്‌സ്‌കേപ്പിങ്, നിലവിലുള്ള ഘടനകളുടെ നവീകരണം, യാര്‍ഡ്‌ലൈറ്റിങ്, പ്രഷര്‍ വാഷറുകള്‍, ക്ലീനിങ് ഉപകരണങ്ങള്‍ നിരീക്ഷണ സംവിധാനം സ്ഥാപിക്കല്‍, നാവിഗേഷന്‍ ലൈറ്റ്, മെക്കാനിക്കല്‍ കണ്‍വെയര്‍ സിസ്റ്റം, തുടങ്ങിയവയും ഈ പദ്ധതിയോടെ യാഥാര്‍ഥ്യമാകും.