കേന്ദ്രസർക്കാർ കടമെടുപ്പുപരിധി കുറച്ചു ; ശമ്പളം ,പെൻഷൻ, ക്ഷേമപെൻഷൻ വിതരണത്തിന് തിരിച്ചടി

ബജറ്റിനു പുറത്ത് കിഫ്ബിയും പെൻഷൻ കമ്പനിയും അടക്കമുള്ള സ്ഥാപനങ്ങൾ അധികവായ്പയെടുത്തു എന്ന കാരണമാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇക്കാലയളവിൽ ഇനി കടമെടുക്കാൻ കഴിയുക 6572 കോടി മാത്രം

author-image
Devina
Updated On
New Update
central

 
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പും സാമ്പത്തിക വർഷാവസാനവും കണക്കിലെടുത്ത് വൻ പണച്ചെലവിനു ലക്ഷ്യമിടുന്ന സംസ്ഥാന സർക്കാരിന് ഇടിത്തീയായി കേന്ദ്രസർക്കാർ കടമെടുപ്പുപരിധി കുറച്ചു.

ഇനിയുള്ള 3 മാസത്തേക്ക് കടമെടുക്കാൻ ബാക്കിയുണ്ടായിരുന്ന 12.516 കോടി രൂപയിൽ നിന്ന് 5944 കോടി രൂപ ഒറ്റയടിക്ക് വെട്ടിക്കുറച്ചാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ കത്ത്.

ബജറ്റിനു പുറത്ത് കിഫ്ബിയും പെൻഷൻ കമ്പനിയും അടക്കമുള്ള സ്ഥാപനങ്ങൾ അധികവായ്പയെടുത്തു എന്ന കാരണമാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 

ഇക്കാലയളവിൽ ഇനി കടമെടുക്കാൻ കഴിയുക 6572 കോടി മാത്രം. ജനുവരി മുതൽമാർച്ച് വരെ കരാറുകാർക്ക് അടക്കം ബില്ലുകൾ പാസാക്കി നൽകാൻ മാത്രം 20,000 കോടി വേണം.

 ശമ്പളവും പെൻഷനും നൽകാൻ വേണ്ടത് 15,000 കോടിയിലേറെ 2000 രൂപയായി വർധിപ്പിച്ച ക്ഷേമപെൻഷനും നൽകണം.

 നികുതി അടക്കമുള്ള വരുമാനങ്ങൾ കൊണ്ട് ഇതിനു കഴിയില്ലെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തൽ.


സംസ്ഥാന സർക്കാർ ഗാരന്റി നിൽക്കുന്ന സ്ഥാപനങ്ങൾ വായ്പകൾ  തിരിച്ചടച്ചില്ലെങ്കിൽ ഉപയോഗിക്കാനുള്ള കരുതൽ ഫണ്ട് രൂപീകരിക്കാത്തതിനാൽ 3300 കോടി രൂപ നേരത്തെ കടമെടുപ്പുപരിധിയിൽ നിന്നും കേന്ദ്രം വെട്ടിക്കുറച്ചിരുന്നു.


ആകെ ഗാരന്റി നിൽക്കുന്ന തുകയുടെ അര ശതമാനം വീതം 5 വർഷം കൊണ്ടു രണ്ടര ശതമാനം കരുതൽ ഫണ്ടിൽ നിക്ഷേപിക്കാമെന്നു കേരളം സമ്മതിച്ചതോടെ തടഞ്ഞുവച്ച ഈ 3300 കോടി അനുവദിക്കുമെന്നായിരുന്നു പ്രതീക്ഷ.

 എന്നാൽ രണ്ടര ശതമാനം തുകയും ഒറ്റയടിക്കു ഫണ്ടിലേക്കു മാറ്റണമെന്ന പുതിയ നിർദ്ദേശമെത്തിയതോടെ അക്കാര്യത്തിലും സർക്കാരിന്റെ പ്രതീക്ഷയറ്റു.