കേരള തീരത്ത് നാളെ ശക്തമായ തിരമാലയ്ക്കു സാധ്യത; മുന്നറിയിപ്പ്

കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്. കേരള തീരത്ത് റെഡ് അലേര്‍ട്ടാണ് ഐഎന്‍സിഒഐഎസ് പ്രഖ്യാപിച്ചിരിക്കുന്നത്.

author-image
Prana
New Update
sea wave

കേരള തീരത്ത് നാളെ പുലര്‍ച്ചെ 5.30 മുതല്‍ 16ന് രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതി പഠന കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള തീരത്ത് റെഡ് അലേര്‍ട്ടാണ് ഐഎന്‍സിഒഐഎസ് പ്രഖ്യാപിച്ചിരിക്കുന്നത്.
തമിഴ്‌നാട്ടിലെ തൂത്തുക്കുടി, കന്യാകുമാരി തീരങ്ങളിലും ലക്ഷദ്വീപ്, മാഹി, കര്‍ണാടക തീരങ്ങളിലും ജാഗ്രതാ മുന്നറിയിപ്പുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്.
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. രണ്ട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലേര്‍ട്ടുള്ളത്. മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ആയിരിക്കും. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്.
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കണം.  കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.

kerala arabian sea alert kerala beaches high waves