കാലാനുസൃതമായ മാറ്റങ്ങള്‍ ആചാരാനുഷ്ഠാനങ്ങളില്‍ വരുത്തണമോ എന്ന് അതത് സമുദായങ്ങള്‍ തീരുമാനിക്കേണ്ടതാണെന്നും അതിന് പൊതു ചര്‍ച്ചയുടെ ആവശ്യമില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വാകത്താനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏത് സമുദായത്തിലും ഉണ്ടാകേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് ആ സമുദായത്തില്‍ ചര്‍ച്ചയാകാം. അക്കാര്യത്തില്‍ പൊതുചര്‍ച്ചയുടെ ആവശ്യമില്ല. പൊതുചര്‍ച്ച നടത്താന്‍ പറ്റിയ അന്തരീക്ഷമല്ല നമ്മുടെ നാട്ടില്‍. കാവി ഉടുക്കുന്നവനും ചന്ദനം തൊടുന്നവനും ആര്‍.എസ്.എസ് ആണെന്നു പറഞ്ഞാല്‍ അംഗീകരിക്കാനാകില്ല. അതുപോലെയാണ് സനാതന മൂല്യത്തെ കുറിച്ചും പറയുന്നത്. സനാതന മൂല്യം കൂടി സംഘ്പരിവാറിന് കൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സനാതന ധര്‍മം അശ്ലീലമാണെന്ന എം.വി ഗോവിന്ദന്റെ പ്രസ്താവന അജ്ഞതയും സനാതന ധര്‍മം എന്ന സാംസ്‌കാരിക പൈതൃകത്തെ സംഘ്പരിവാറിന്റെ പറമ്പില്‍ കൊണ്ടുപോയി കെട്ടാനുമുള്ള ഗൂഢനീക്കത്തിന്റെ ഭാഗവുമാണെന്ന് വിഡി സതീശന്‍ ആരോപിച്ചു.
സനാതനധര്‍മം നമ്മുടെ പാരമ്പര്യമാണ്. പിന്നീട് വന്ന ചാതുര്‍വര്‍ണ്യത്തോടും വര്‍ണവ്യവസ്ഥയോടും മനുസ്മൃതിയോടും യോജിക്കാനാകില്ല. എല്ലാ മതങ്ങളിലും ആദ്യം ഉണ്ടായതിനെ പൗരോഹിത്യവും രാജഭരണവും ദുര്‍വ്യാഖ്യാനം ചെയ്തിട്ടുണ്ട്. എന്നിട്ടാണ് അതാണ് സനാതന ധര്‍മം എന്നു പറയുന്നത്. സനാതന ധര്‍മത്തെ സംഘ്പരിവാറിന്റേതാക്കി മാറ്റുകയാണ് മുഖ്യമന്ത്രിയും സി.പി.എമ്മും ചെയ്യുന്നത്. ഇതൊക്കെ മനസിലാക്കാതെയാണോ അതോ മനപൂര്‍വമാണോ എന്നതില്‍ സംശയമുണ്ടെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ തവണ പ്രതിഷേധിച്ചതിന്റെ പേരില്‍ കായികമേളയില്‍ രണ്ട് സ്‌കൂളുകളെ പങ്കെടുപ്പിക്കില്ലെന്നു തീരുമാനിക്കാന്‍ ഇത് സ്റ്റാലിന്റെ റഷ്യയാണോ എന്ന് ചോദിച്ച വിഡി സതീശന്‍ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് കത്ത് നല്‍കുമെന്ന് വ്യക്തമാക്കി. പ്രതിഷേധങ്ങള്‍ നടത്തിയ ആള്‍ മന്ത്രിയും എം.എല്‍.എയും ആകാന്‍ പറ്റില്ലെന്നു പറയാന്‍ പറ്റുമോ? അന്തര്‍ദേശീയ മത്സരങ്ങളില്‍ ഉള്‍പ്പെടെ പങ്കെടുക്കേണ്ട ആ കുട്ടികളെയും കായികമേളയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആചാരങ്ങളിലെ മാറ്റം സമുദായങ്ങളുടെ തീരുമാനമാവണം: വിഡി സതീശന്‍
കാവി ഉടുക്കുന്നവനും ചന്ദനം തൊടുന്നവനും ആര്‍.എസ്.എസ് ആണെന്നു പറഞ്ഞാല്‍ അംഗീകരിക്കാനാകില്ല. അതുപോലെയാണ് സനാതന മൂല്യത്തെ കുറിച്ചും പറയുന്നത്.
New Update