ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണം, പൊലിയുന്നത് കേരളാ ബിജെപിയുടെ സ്വപ്‌നങ്ങള്‍

ചത്തീസ്ഗഡില്‍ മതപരിവര്‍ത്തനമാരോപിച്ച് ക്രൈസ്തവ വിശ്വാസികള്‍ക്കും, കന്യാസ്ത്രീകള്‍ക്കുമെതിരെ നടക്കുന്ന ആക്രമങ്ങളില്‍ പൊലിയുന്നത് കേരളാ ബിജെപിയുടെ തെരെഞ്ഞെടുപ്പ് സ്വപ്‌നങ്ങള്‍.

author-image
Sreekumar N
New Update
new nun

new nun attack

ശ്രീകുമാര്‍ മനയില്‍ 

ചത്തീസ്ഗഡില്‍ മതപരിവര്‍ത്തനമാരോപിച്ച് ക്രൈസ്തവ വിശ്വാസികള്‍ക്കും, കന്യാസ്ത്രീകള്‍ക്കുമെതിരെ നടക്കുന്ന ആക്രമങ്ങളില്‍ പൊലിയുന്നത് കേരളാ ബിജെപിയുടെ തെരെഞ്ഞെടുപ്പ് സ്വപ്‌നങ്ങള്‍. വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ ക്രൈസ്തവ മേഖലകളില്‍ വലിയ മുന്നേറ്റമുണ്ടാക്കാമെന്നുള്ള ബിജെപിയുടെ    ആഗ്രഹങ്ങള്‍ക്ക് വലിയ തോതില്‍ വിലങ്ങുതടിയാവുകയാണ് ചത്തീസ്ഗഡിലെ   സംഭവവികാസങ്ങള്‍. പൂഞ്ഞാറുള്‍പ്പെടെയുള്ള മണ്ഡലങ്ങള്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പിടിക്കാനുള്ള നീക്കങ്ങളുമായി സംസ്ഥാന ബിജെപി നേതൃത്വം മുന്നോട്ടുപോവുകയായിരുന്നു. ഇതിനായി ഷോണ്‍ ജോര്‍ജ്ജുള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള നേതാക്കളെ  ബിജെപി ഭാരവാഹികളാക്കുകയും ചെയ്തിരു്ന്നു. എന്നാല്‍ മലയാളികളായ രണ്ടു കന്യാസ്ത്രീകളെ ബ്രജരംഗദള്‍ പ്രവര്‍ത്തകര്‍ ആക്രമിക്കുകയും അവര്‍ക്കെതിരെ മതപരിവര്‍ത്തനനിരോധന നിയമം വച്ചുകേസെടുക്കുകയും അറസ്റ്റുചെയ്യുകയും  ചെയ്തതോടെ   കേരളത്തിലെ ക്രൈസ്തവ സമൂഹം ഒന്നടങ്കം ബിജെപിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. 
കന്യാസ്ത്രീകളെ അറസ്റ്റുചെയ്ത നടപടി മനുഷ്യത്വവിരുദ്ധമെന്ന് കാതലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ)  വ്യക്തമാക്കിയതോടെ വിവിധ ക്രൈസ്തവ സംഘടനകളും മതമേലധ്യക്ഷന്‍മ്മാരും ബിജെപിക്കെതിരെ കടുത്ത നിലപാടുമായി രംഗത്തുവന്നിരിക്കുകയാണ്.കന്യാസ്ത്രീകളെ അപമാനിച്ച പ്രവൃത്തി രാജ്യത്തിന് കളങ്കമാണ്. അത് തിരുത്തണം. എല്ലാവര്‍ക്കും ഉള്ള സ്വാതന്ത്ര്യം മതന്യൂനപക്ഷങ്ങള്‍ക്കും കന്യാസ്ത്രീകള്‍ക്കും വേണം അതിനായി പ്രധാനമന്ത്രി ഇടപടെണമെന്നാണ് സിബിസിഐ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ്  ക്‌ളിമ്മിസ്   ബാവ പറഞ്ഞു. 
പത്തോളം നിയമസഭാ മണ്ഡലങ്ങളില്‍ ക്രൈസ്തവ സമൂഹത്തിന്റെ പിന്തുണ ലക്ഷ്യം വച്ചുകൊണ്ടാണ് ബിജെപി തങ്ങളുടെ തെരെഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. ക്രിസ്ത്യന്‍ വോട്ടുകള്‍ യുഡിഎഫിലേക്ക് പോയാല്‍ ബിജെപി വിചാരിക്കുന്ന നേട്ടം കേരളത്തില്‍ ഉണ്ടാക്കാന്‍ കഴിയുകയില്ല.  കോട്ടയം, ഇടുക്കി, പത്തനംതിട്ട മണ്ഡലങ്ങളില്‍ വലിയ തെരെഞ്ഞെടുപ്പ് നേട്ടങ്ങള്‍ ബിജെപി പ്രതീക്ഷിക്കുന്നുണ്ടായിരുന്നു.  എന്നാല്‍ ചത്തീസ്ഗഡിലെ മലയാളി   പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ക്കും എതിരെയുള്ള ആക്രമണങ്ങള്‍   കേരളത്തിലെ ബിജെപിയെ പ്രതിരോധത്തിലാക്കി. മതപരിവര്‍ത്തന നിരോധന നിയമം പിന്‍വലിക്കണമെന്ന് തുടക്കത്തില്‍ തന്നെ ക്രൈസ്തവ സഭാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് മതപരിവര്‍ത്തന  നിരോധന നിയമം കൊണ്ടുവന്നിട്ടുള്ളത്. ഇത്  ആദിവാസികളുടെയിടയിലും മറ്റും പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ  പുരോഹിതരെയും കന്യാസ്ത്രീകളെയും ലക്ഷ്യം  വച്ചുകൊണ്ടാണെന്ന ആരോപണം നേരത്തെ തന്നെയുണ്ടായിരുന്നു. 
കേരളത്തില്‍ ബിജെപിക്ക് തെരെഞ്ഞെടുപ്പ് നേട്ടമുണ്ടാക്കണമെങ്കില്‍ ക്രൈസ്തവ പിന്തുണ കൂടിയേ കഴിയൂ. അതിനുള്ള തന്ത്രങ്ങള്‍ ബിജെപി കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ ആവിഷ്‌കരിച്ചുവരുന്നുണ്ടായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപി വലിയ ഭൂരിപക്ഷത്തില്‍  വിജയിക്കാന്‍ കാരണം ക്രൈസ്തവ വോട്ടുകള്‍ കാര്യമായി കിട്ടയതുകൊണ്ടായിരുന്നു.   ആ നീക്ക  നിയമസഭാ തെരെഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനുള്ള കഠിന ശ്രമത്തിലായിരുന്നു ബിജെപി നേതൃത്വം. എന്നാല്‍ ചത്തീസ്ഗഡിലെ ആക്രണമങ്ങള്‍ ആ നീക്കങ്ങളെയെല്ലാം തകിടം മറിച്ചു. ഇനി എങ്ങനെ ക്രൈസ്തവ സഭാ അധ്യക്ഷന്‍മ്മാരെയും  വിശ്വാസികളെയും അഭിമുഖീകരിക്കുമെന്ന ചിന്താക്കുഴപ്പത്തിലാണ് സംസ്ഥാന ബിജെപി നേതൃത്വം.