/kalakaumudi/media/media_files/2025/03/01/UICwAwSFSaj8ayFhvisJ.jpg)
ആലപ്പുഴ: നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായ സുരക്ഷാ സംവിധാനമൊരുക്കി സൈബര്‍ സുരക്ഷാ രംഗത്ത് രാജ്യത്തിനുതന്നെ മാതൃകയായിരിക്കുകയാണ് കേരള പൊലീസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതുതായി നിര്‍മ്മിച്ച വീയപുരം പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജില്‍ നിന്ന് ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ ആലപ്പുഴ നോര്‍ത്ത്, ചേര്‍ത്തല എന്നീ പൊലീസ് സ്റ്റേഷനുകളുടെ ലോവര്‍ സബോര്‍ഡിയനേറ്റ് ക്വാട്ടേഴ്സ്സിന്റെ ശിലാസ്ഥാപനവും ചടങ്ങില്‍ അദ്ദേഹം നിര്‍വഹിച്ചു.
ആകെ 62.61 കോടി രൂപ ചെലവഴിച്ചു വിവിധ ജില്ലകളിലായി നിര്‍മാണംപൂര്‍ത്തിയാക്കിയ 30 പോലീസ് മന്ദിരങ്ങളുടെ ഉദ്ഘാടനവും ആറ് മന്ദിരങ്ങളുടെ ശിലാസ്ഥാപനവുമാണ് മുഖ്യമന്ത്രി ചടങ്ങില്‍ നിര്‍വഹിച്ചത്.
അടുത്തകാലത്തായി സമൂഹത്തില്‍ പ്രത്യേകിച്ചും യുവതലമുറയില്‍ കുറ്റകൃത്യ പ്രവണത വര്‍ധിച്ചുവരുന്നുണ്ടെന്നും ഇതിനു കാരണമാകുന്ന സാഹചര്യങ്ങളെ കുറിച്ച് വിശദമായ പഠനം നടത്തുന്നതിന് പൊലീസ് മുന്‍കയ്യെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ നൂറു ദിന പദ്ധതിയിലുള്‍പ്പെടുത്തിയ വിവിധ ജില്ലകളിലെ പൊലീസ് മന്ദിരങ്ങളുടെ ഉദ്ഘാടനവും, തറക്കല്ലിടലും കൂടാതെ പൊലീസ് സേവനങ്ങളെ സംബന്ധിച്ചു പൊതുജനങ്ങള്‍ക്കു അഭിപ്രായം അറിയിക്കുന്നതിനുള്ള പരാതി പരിഹാര സംവിധാനത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. പൊലീസ് സേവനങ്ങളെ സംബന്ധിച്ചു പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപെടുത്തുവാനുള്ള അവസരമൊരുക്കുകയാണ് പൊലീസിന്റെ പരാതി പരിഹാര സംവിധാനത്തിന്റെ ലക്ഷ്യം.
ഓരോ പൊലീസ് സ്റ്റേഷനുകളിലും പ്രദര്‍ശിപ്പിച്ചിട്ടുള്ള ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്തു പൊതുജനത്തിന് തങ്ങള്‍ക്കു ലഭ്യമായ സേവനം തൃപ്തികരമാണോ അല്ലയോ എന്ന് രേഖപ്പെടുത്താവുന്നതാണ്.
തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല ചടങ്ങില്‍ ആന്റണി രാജു എം.എല്‍.എ അധ്യക്ഷനായി. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഐ.പി.എസ് സ്വാഗതം പറഞ്ഞു. എ.ഡി.ജി.പിമാരായ മനോജ് എബ്രഹാം, എച്. വെങ്കടേഷ്, എസ്. ശ്രീജിത്ത് മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ സന്നിഹിതരായിരുന്നു.
വീയപുരം പൊലീസ് സ്റ്റേഷന്‍ അങ്കണത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ തോമസ്.കെ തോമസ് എം എല്‍ എ അധ്യക്ഷനായി. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു, വൈസ് പ്രസിഡന്റ് പി.ഓമന, ജില്ലാ പോലീസ് മേധാവി എം പി മോഹനചന്ദ്രന്‍ ,കായംകുളം ഡി.വൈ.എസ്.പി എന്‍.ബാബുക്കുട്ടന്‍, ജില്ലാ പഞ്ചായത്ത് അംഗം കെ. ശോഭ , ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രസാദ് കുമാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സുരേന്ദ്രന്‍, വീയപുരം ഏഴാം വാര്‍ഡ് മെമ്പര്‍ പി. ഡി ശ്യാമള , വീയപുരം എസ്.എച്ച്.ഒ എ.ഷെഫീഖ്, കെ.പി.ഒ .എ സെക്രട്ടറി എ.എസ് ഫിലിപ്പ്, കെ. പി. എ സെക്രട്ടറി എസ്. സന്തോഷ്, ജനപ്രതിനിധികള്‍ , ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.