ചെങ്ങന്നൂര്‍ വിശാല്‍ വധക്കേസ് ;19 പ്രതികളെയും കോടതി വെറുതെ വിട്ടു

കുത്തേറ്റ വിശാൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആക്രമിച്ച പ്രതികളെപ്പറ്റി പറഞ്ഞിട്ടും, കേസിൽ ലോക്കൽ പൊലീസിന്റെ അന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു

author-image
Devina
New Update
vishal

ആലപ്പുഴ: ചെങ്ങന്നൂർ വിശാൽ വധക്കേസിലെ  എല്ലാ പ്രതികളെയുംമാവേലിക്കര അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടു.

19 പ്രതികളെയാണ് വെറുതെ വിട്ടത്.

 പ്രതികൾക്കെതിരെ കുറ്റം തെളിയിക്കാനായില്ലെന്ന് കോടതി വിധിയിൽ വ്യക്തമാക്കി.

 2012 ജൂലൈ 16 നാണ് എബിവിപി പ്രവർത്തകനായ വിശാൽ കുത്തേറ്റു മരിക്കുന്നത്.

ക്യാംപസ് ഫ്രണ്ട് പ്രവർത്തകരാണ് പ്രതികൾ.

കൊലപാതകം നടന്ന് 13 വർഷങ്ങൾക്ക് ശേഷമാണ് വിധി പ്രസ്താവിക്കുന്നത്. 

കോന്നി എൻഎസ്എസ് കോളജിലെ ഒന്നാം വർഷം ബിരുദ വിദ്യാർത്ഥിയായിരുന്നു വിശാൽ.

സംഘടനാ പ്രവർത്തനത്തിനെത്തിയ വിശാലിനെ പ്രതികൾ ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് റിപ്പോർട്ട്.

കേസിലെ മുഴുവൻ പ്രതികളും ജാമ്യത്തിലാണ്.

കുത്തേറ്റ വിശാൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആക്രമിച്ച പ്രതികളെപ്പറ്റി പറഞ്ഞിട്ടും, കേസിൽ ലോക്കൽ പൊലീസിന്റെ അന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു.

 പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി അഞ്ചു വർഷത്തിനു ശേഷമാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.

കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. കേസിന്റെ തുടക്കം മുതലേ അന്വേഷണത്തിൽ പൊലീസ് വീഴ്ച വരുത്തിയെന്നും, വിചാരണയ്ക്കിടെ സംഭവസ്ഥലത്തുണ്ടായിരുന്ന എസ്എഫ്‌ഐ, കെഎസ് യു പ്രവർത്തകർ കൂറുമാറിയെന്നും എബിവിപി സംസ്ഥാന പ്രസിഡന്റ് ആരോപിച്ചു.

 കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ എബിവിപി തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.