/kalakaumudi/media/media_files/WC2dWF5xJm81BCjByz3H.jpg)
തൃക്കാക്കര: പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർക്കിടയി ലെ ചേരിപ്പോരിനെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം അനിശ്ചിതത്വത്തിലായി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നപ്പോൾ അയൽ ജില്ലകളിലേക്ക് താത്‌കാലികമായി സ്ഥലം മാറ്റപ്പെട്ട എസ്.ഐ മാരെയും സി.ഐ മാരെയും ഉൾപ്പടെ തിരികെ മാറ്റിയിട്ടില്ല. എറണാകുളം സിറ്റി, എറണാകുളം റൂറൽ, ഇടുക്കി, ആലപ്പുഴ കോട്ടയം ഉൾപ്പടെ ഉള്ള ജില്ലകളിൽ സ്ഥലം മാറ്റ ഉത്തരവ് ഇറക്കിയെങ്കിലും ആലപ്പുഴ എസ്.പിയുടെ കടുംപിടുത്തമാണ് പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം അനിശ്ചിതത്വത്തിൽ ആവാൻ കാരണമെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ആലപ്പുഴ ജില്ലയിൽ നിന്നും മറ്റ് ജില്ലകളിലേക്ക് സ്ഥലം മാറിപ്പോയ പോലീസ് ഉദ്യോഗസ്ഥർ തിരികെ എത്തിയാലെ ആലപ്പുഴ ജില്ലയിൽ നിന്നും മറ്റ് ജില്ലകളിലേക്ക് സ്ഥലം മാറിപ്പോവേണ്ട പോലീസ് ഉദ്യോഗസ്ഥരെ റിലീവ് ചെയ്യാൻ അനുവദിക്കാവൂ എന്ന സമീപനം സ്വീകരിച്ചതോടെ ആലപ്പുഴയിൽ നിന്നും ഉദ്യോഗസ്ഥരെ വിടാതെ തിരക്കുള്ള കൊച്ചിയിൽ നിന്നുൾപ്പെടെ വിടേണ്ട എന്ന നിലപാടിലാണ് കമ്മീഷണർ ഉൾപ്പെടെ ഉള്ള സീനിയർ ഉദ്യോഗസ്ഥർ.ഇത് പോലീസ് സേനക്കുള്ളിൽ അമർഷത്തിന് കാരണമായി. മുൻകാലങ്ങളിൽ, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൻ്റെ കാലാവധി അവസാനിച്ചാലുടനെ തന്നെ ഉദ്യോഗസ്ഥരെ തിരികെ സ്വന്തം ജില്ലകളിലേക്ക് മാറ്റാറുണ്ട്. ഇടുക്കി കോട്ടയം ജില്ലകളിൽ നിന്നും ഉദ്യോഗസ്ഥന്മാർ ട്രാൻസ്ഫർ ആയി മറ്റ് ജില്ലകളിൽ ജോലിയിൽ പ്രവേശിച്ചു തുടങ്ങി. സ്വന്തം ജില്ലകളിലേക്ക് തിരികെ പോകാനാകാതെ ജോലിസ്ഥലങ്ങളിൽ തങ്ങുന്നതിൽ പോലീസ് ഉദ്യോഗസ്ഥർ അസംതൃപ്‌തരാണ്.
പോലീസ് സേനക്കുള്ളിൽ ആത്മഹത്യകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ ചേരിപ്പോര്.
മക്കളുടെ സ്കൂൾ, കോളേജ് പ്രവേശനത്തിനുപോലും പോകാനാകാത്തതും അവധി കിട്ടാത്തതും ഉൾപ്പെടെ ഉള്ള സാഹചര്യവും സേനയിലെ കാര്യങ്ങൾ പൊട്ടിത്തെറിയുടെ വക്കിലെത്തിച്ചിട്ടുണ്ട്. അമിത ജോലിഭാരവും സമ്മർദവുംമൂലം പോലീസിൽ സ്വയംവിരമിക്കൽ അപേക്ഷകൾ കുന്നുകൂടുകയും ആത്മഹത്യകൾ പെരുകുന്നതിനും ഇടെയാണ് ഇപ്പോൾ സ്വന്തം ജില്ലയിലേക്ക് മടങ്ങാനാകാത്ത പ്രശ്‌നം കൂടി പോലീസിൽ പുകയുന്നത്. തത്കാലത്തേക്ക് എത്തിയവർ സ്റ്റേഷനുകളിലെ ദൈനംദിന കാര്യങ്ങൾ നടത്തിക്കൊണ്ടുപോകുന്നതല്ലാതെ കേസന്വേഷണങ്ങളിലേക്ക് ഗൗരവമായി കടക്കുന്നില്ലെന്ന വസ്‌തുതയുമുണ്ട്
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
