കോഴിക്കോട്: പിവി അൻവറും മുസ്ലിം ലീഗും ഭീഷണിപ്പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രി നിലപാട് മാറ്റിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കരിപ്പൂരിൽ പിടിച്ചെടുത്ത പണത്തിന്റെ കണക്കോ സ്വർണ്ണത്തിന്റെ കണക്കോ കള്ളം അല്ലെങ്കിൽ മുഖ്യമന്ത്രി എന്തിനാണ് ഭയപ്പെടുന്നത്.
മലപ്പുറത്ത് ഹവാലാ ഇടപാടോ കള്ളപ്പണ ഇടപാടോ നടന്നാൽ അത് കോഴിക്കോട് നടന്നു എന്നാണോ പറയേണ്ടതെന്നും അദ്ദേഹം ചോദിച്ചു. അൻവർ ഉയർത്തിയ ചോദ്യങ്ങൾക്ക് മുമ്പിൽ മുഖ്യമന്ത്രി പകച്ചു പോയിരിക്കുകയാണ്. നിക്കക്കള്ളിയില്ലാതെയാണ് മുഖ്യമന്ത്രി അൻവറിനെതിരെ പ്രതികരിച്ചിരിക്കുന്നത്. കഴിഞ്ഞ എട്ടുവർഷവും എല്ലാ കള്ളക്കടത്തുകാരെയും വർഗീയവാദികളെയും മടിയിൽ ഇരുത്തി ഭരിച്ച മുഖ്യമന്ത്രി ഇപ്പോൾ വർഗീയ ശക്തികളെ പറ്റി പറയുന്നത് തികഞ്ഞ കാപട്യമാണ്.
എട്ടുകൊല്ലവും മുഖ്യമന്ത്രി കള്ളക്കടത്തുകാരെയും മാഫിയ സംഘങ്ങളെയും സഹായിക്കുകയായിരുന്നു. എല്ലാകാലത്തും മത തീവ്രവാദ സംഘടനകളോട് സന്ധി ചെയ്യുന്നയാളാണ് പിണറായി വിജയൻ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐയെ 37 സീറ്റുകളിൽ മത്സരിപ്പിച്ചത് പിണറായി വിജയനാണ്. അതിൽ 30 സീറ്റിലും ജയിച്ചത് ഇടതുപക്ഷമായിരുന്നു. എസ്ഡിപിഐയുമായി ചേർന്ന് സംസ്ഥാനത്ത് പല തദ്ദേശസ്ഥാപനങ്ങളിലും എൽഡിഎഫ് ഭരിക്കുന്നുണ്ട്.
തീവ്രവാദികളെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ഇപ്പോൾ ഹിന്ദുക്കളുടെ വോട്ട് കിട്ടുമെന്ന് വിചാരിച്ച് പിണറായി വിജയൻ നടത്തുന്ന ചപ്പടാച്ചി വർത്താനം ഭൂരിപക്ഷ സമുദായം മുഖവിലയ്ക്കെടുക്കില്ല. അൻവറിനെതിരെ പറഞ്ഞാൽ ഭൂരിപക്ഷ വിഭാഗങ്ങളുടെ വോട്ട് കിട്ടുമെന്നത് വെറും മോഹം മാത്രമാണ്. വെളുക്കാൻ തേച്ചത് പാണ്ടായ അവസ്ഥയിലാണ് പിണറായി വിജയൻ. ഉത്തരത്തിലുള്ളത് കിട്ടാനും പോകുന്നില്ല കക്ഷത്തിലുള്ളത് പോവുകയും ചെയ്യും. വോട്ട് ബാങ്കിന് വേണ്ടിയുള്ള ഇത്തരം വഴിവിട്ട രാഷ്ട്രീയ നിലപാടുകളാണ് ആ പാർട്ടിയെ എല്ലായിടത്തും തകർത്തതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.