സിപിഎം സെക്രട്ടേറിയറ്റില്‍ പിണറായിക്ക് രൂക്ഷ വിമര്‍ശനം

സെക്രട്ടേറിയറ്റ് യോഗത്തില്‍ വൈകി എത്തിയ മുഖ്യമന്ത്രി ഗവര്‍ണറുമായുള്ള ഒത്തുതീര്‍പ്പ് നീക്കം ഏതാനും വാക്കുകളില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ അതിന്റെ ആവശ്യം ഉണ്ടായിരുന്നോ എന്ന ചോദ്യം ചിലര്‍ ഉന്നയിച്ചു

author-image
Biju
New Update
PINARAYI

തിരുവനന്തപുരം: വി.സി നിയമനങ്ങളില്‍ ഗവര്‍ണര്‍ക്കു വഴങ്ങിയതില്‍ മുഖ്യമന്ത്രിക്കു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനം. ഞായറാഴ്ചയാണു മുഖ്യമന്ത്രി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി ധാരണയിലെത്തിയത്. പിറ്റേന്നു ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇക്കാര്യം അറിയിച്ചപ്പോഴാണ് എതിര്‍പ്പ് ഉയര്‍ന്നത്. 

സെക്രട്ടേറിയറ്റ് യോഗത്തില്‍ വൈകി എത്തിയ മുഖ്യമന്ത്രി ഗവര്‍ണറുമായുള്ള ഒത്തുതീര്‍പ്പ് നീക്കം ഏതാനും വാക്കുകളില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ അതിന്റെ ആവശ്യം ഉണ്ടായിരുന്നോ എന്ന ചോദ്യം ചിലര്‍ ഉന്നയിച്ചു. പിഎം ശ്രീ പദ്ധതിയിലുണ്ടായതിനു സമാനമായ വിമര്‍ശനം ഇക്കാര്യത്തിലുമുണ്ടാകുമെന്ന് സംസാരിച്ചവര്‍ ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയില്‍ കേസ് നിലനില്‍ക്കെ ഗവര്‍ണര്‍ക്ക് വഴങ്ങിക്കൊടുക്കേണ്ടി വരുന്നതു പാര്‍ട്ടി ഇതുവരെ എടുത്തു പോന്ന നിലപാടുകള്‍ക്കു ചേരുന്നതാകില്ലെന്നും ചിലര്‍ പറഞ്ഞു. 

എന്നാല്‍, പ്രത്യേക സാഹചര്യത്തില്‍ ഇങ്ങനെയൊരു തീരുമാനമെടുത്തുവെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ കൂടുതല്‍ ചര്‍ച്ച ഉണ്ടായില്ല. മന്ത്രിമാരായ പി.രാജീവും ആര്‍.ബിന്ദുവും ഗവര്‍ണറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഒരു ധാരണയും രൂപപ്പെട്ടിരുന്നില്ല. കൂടിക്കാഴ്ചയുടെ വിവരങ്ങളും ഇവര്‍ പാര്‍ട്ടിയെ അറിയിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഒത്തുതീര്‍പ്പില്‍ എത്തിയശേഷമാണ് അറിയിച്ചത്. എന്തായാലും, പാര്‍ട്ടിയെ വിശ്വാസത്തിലെടുക്കാതെയുള്ള ഒത്തുതീര്‍പ്പാണു മുഖ്യമന്ത്രി സ്വീകരിച്ചതെന്നാണു വ്യക്തമാകുന്നത്.