മുഖ്യമന്ത്രി പിണറായി വിജയനോട് മാപ്പ് ചോദിച്ച് പിവി അൻവർ. മുഖ്യമന്ത്രിക്കെതിരായ പരാമർശം നാക്കുപിഴയാണെന്നും ‘അപ്പൻറെ അപ്പനായാലും മറുപടി’യെന്ന് പറഞ്ഞതിന് മാപ്പ് പറയുന്നുവെന്നും അൻവർ ഫേസ്‌ബുക്കിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ പറയുന്നു. മുഖ്യമന്ത്രിയുടെ മുകളിലുള്ള ആരായാലും മറുപടി പറയുമെന്നാണ് ഉദ്ദേശിച്ചതെന്നും അൻവർ വിശദീകരിച്ചു.
അതേസമയം, പിവി അൻവർ ഇന്ന് നിയമസഭയിലെത്തി. കൈയിൽ ചുവന്ന തോർത്തും കഴുത്തിൽ ഡിഎംകെയുടെ ഷാളും അണിഞ്ഞെത്തിയ അൻവർ സഭയിൽ ശ്രദ്ധ നേടി. പ്രതിപക്ഷത്തിനൊപ്പം ഇരിപ്പിടം അനുവദിച്ച അൻവർ ലീഗ് എംഎൽഎ എകെഎം അഷ്‌റഫിന് സമീപമാണ് ഇരിക്കുന്നത്. സഭയിലേക്ക് കെടി ജലീൽ എംഎൽഎയ്‌ക്കൊപ്പമെത്തിയ പിവി അൻവർ ഒന്നാം നില വരെ ജലീലിനൊപ്പം തുടർന്നെങ്കിലും പിന്നീട് പുതിയ ഇരിപ്പിടത്തിലേക്ക് പോകുകയായിരുന്നു.