/kalakaumudi/media/media_files/2026/02/18/akg-2026-02-18-11-53-25.jpg)
കണ്ണൂർ:ചരിത്രത്തെ വക്രീകരിക്കുന്നതിനെതിരായ ചെറുത്തുനിൽപ്പാണ് മ്യൂസിയങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംവാദങ്ങൾ ഇല്ലാതാക്കി ഏകാധിപത്യ പ്രവണതയിലേക്ക് രാജ്യത്തെ നയിക്കാനുള്ള പ്രതിലോമകരമായ ഇടപെടലുകൾക്കെല്ലാം എതിരായ ചെറുത്തുനിൽപ്പുകൾ കൂടിയാണ് ചരിത്രം ഓർമിപ്പിക്കുന്ന മ്യൂസിയങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പെരളശ്ശേരിയിൽ എകെജി മ്യൂസിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മ്യൂസിയങ്ങളെ വെറും പ്രദർശനശാലകളായി കാണുന്ന നയമല്ല എൽഡിഎഫ് സർക്കാരിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവരസാങ്കേതിക വിദ്യയുടെ യുഗമാണിത്.
അറിവുകൾ വേഗത്തിൽ പകർന്നു നൽകപ്പെടുന്നുണ്ട്. നുണകളും വേഗത്തിൽ പ്രചരിപ്പിക്കപ്പെടുന്നു. നുണകൾക്കാണ് അതിവേഗത. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവരും ഇത്തരം നുണപ്രചരണങ്ങൾക്ക് നേതൃത്വം നൽകുന്നുവെന്നത് അതീവ ഗൗരവതരമാണ്. ഇൗ സാഹചര്യത്തിൽ മ്യൂസിയങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. നുണകളെ നേരിടാനുള്ള വിജ്ഞാന ശാലയാണ് മ്യൂസിയങ്ങൾ. എകെജി അടക്കമുള്ളവരുടെ പോരാട്ടങ്ങളാണ് നമ്മുടെ നാടിനെ ഈ സ്ഥിതിയിലെത്തിച്ചത്. എന്നാൽ അങ്ങനെയല്ലെന്ന് വരുത്തി തീർക്കുകയാണ് ചിലർ. ജൻമി നാടുവാഴിത്തത്തിനെതിരെയും സാമ്രാജ്യത്വത്തിനെതിരെയും നടന്ന പ്രക്ഷോഭങ്ങളെ തമസ്‌കരിക്കുകയാണിവർ.
ബ്രീട്ടീഷ് പാദസേവകരായിരുന്നവരാണ് ഇതിനുപിന്നിൽ. പാർലിമെന്ററി ജനാധിപത്യത്തെയും ഇവർ അപകടത്തിലാക്കുന്നു. ചർച്ചയില്ലാതെ ബില്ലുകൾ പാസാക്കുന്നതും വിമർശിക്കുന്ന അംഗങ്ങളെ സസ്പെൻഡ് ചെയ്യുന്നതും അംഗങ്ങളെ വേട്ടയാടുന്നതുമെല്ലാം ഇത്തരം ഏകാധിപത്യ പ്രവണതയുടെ ലക്ഷണങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.എകെജിയുടെ ജീവിതം ഒരു കാലഘട്ടത്തിന്റെ ചരിത്രമാണ്. വികസനത്തിന്റെ ഫലം എല്ലാവരിലേക്കും എത്തണമെന്ന് എകെജി തുടങ്ങിവച്ച കാഴ്ചപ്പാടാണ് സർക്കാർ പിന്തുടരുന്നത്. അതിനാൽ അദ്ദേഹത്തിന് ജന്മനാട്ടിൽ ഒരു ഉചിതമായ സ്മാരകം നിർമിക്കുന്നത് പുതുതലമുറക്കുവേണ്ടിയുള്ള ചരിത്രത്തിന്റെ കരുതിവെപ്പ് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.
രണ്ടു നിലകളിലായി ആറ് ഗ്യാലറികളിലാണ് എ കെ ജി മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്. എ കെ ജി യുടെ സമര പോരാട്ടങ്ങൾ, പാർലമെന്റിലെ മികച്ച പ്രകടനങ്ങൾ, സ്വാതന്ത്ര്യസമര പോരാട്ടങ്ങൾ, പ്രക്ഷോഭങ്ങൾ എന്നിവ പുതുതലമുറയ്ക്ക് കൂടി പകർന്നു നൽകുന്ന അത്യാധുനിക സൗകര്യങ്ങളുള്ള മിനി തിയറ്റർ, എകെജിയുടെ ദീർഘകായ പ്രതിമകൾ, മിനിയേച്ചറുകൾ, പ്രശസ്ത വ്യക്തികളുമായുള്ള അഭിമുഖം, സമരങ്ങളുടെ പുനരാവിഷ്‌കാരം എന്നിവയുടെ ദൃശ്യാവിഷ്‌കാരം, ഡോക്യുമെന്റേഷൻ സംവിധാനങ്ങൾ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, ഭിന്നശേഷിക്കാർക്ക് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് സജ്ജമായിരിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
