ലൈംഗിക വൈകൃത കുറ്റവാളികളെ 'വെൽ ഡ്രാഫ്റ്റഡ്' എന്ന് പറഞ്ഞ് ന്യായീകരിച്ചാൽ പൊതുസമൂഹം അംഗീകരിക്കില്ല; മുഖ്യമന്ത്രി

ശബരിമലയില്‍ നടക്കാന്‍ പാടില്ലാത്ത നടന്നു എന്നത് യാഥാര്‍ഥ്യമാണ്. ആ വിഷയത്തില്‍ സര്‍ക്കാര്‍ കര്‍ക്കശമായ നിലപാടെടുത്തു. ഈ സര്‍ക്കാര്‍ അല്ലായിരുന്നുവെങ്കില്‍ ഇത്ര കൃത്യതയോടെ നടപടി ഉണ്ടാകില്ല എന്ന് വിശ്വാസികള്‍ എല്ലാവരും കരുതുകയാണ്

author-image
Biju
New Update
CM VOTE

കണ്ണൂര്‍: നല്ല ആത്മവിശ്വാസത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായി പഞ്ചായത്തിലെ കാട്ടിലെപീടിക ചേരിക്കല്‍ ജൂനിയര്‍ ബേസിക് സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. രാഹുല്‍ മാങ്കൂട്ടം വിഷയത്തില്‍ കോണ്‍ഗ്രസിനെ രൂക്ഷമായ വിമര്‍ശനവും മുഖ്യമന്ത്രി നടത്തി.

യുഡിഎഫിന്റെ വിവിധ തദ്ദേശ അതിര്‍ത്തികള്‍ ഉള്‍പ്പടെ എല്‍ഡിഎഫിനെ സ്വീകരിക്കുന്നു എന്നാണ് ഇതുവരെയുള്ള അനുഭവം നല്‍കുന്ന സൂചന. മികവാര്‍ന്ന വിജയത്തിലേക്ക് എല്‍ഡിഎഫ് കുതിക്കുന്ന കാഴ്ചയാണ് ഇത്തവണത്തേത്. ശബരിമലയില്‍ നടക്കാന്‍ പാടില്ലാത്ത നടന്നു എന്നത് യാഥാര്‍ഥ്യമാണ്. ആ വിഷയത്തില്‍ സര്‍ക്കാര്‍ കര്‍ക്കശമായ നിലപാടെടുത്തു. ഈ സര്‍ക്കാര്‍ അല്ലായിരുന്നുവെങ്കില്‍ ഇത്ര കൃത്യതയോടെ നടപടി ഉണ്ടാകില്ല എന്ന് വിശ്വാസികള്‍ എല്ലാവരും കരുതുകയാണ്. അതുകൊണ്ട്തന്നെ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് വിശ്വാസികളുടെ പിന്തുണയുണ്ട്. പക്ഷെ, തങ്ങള്‍ക്ക് അനുകൂലമായ രീതിയില്‍ ദുഷ്പ്രചാരണം നടത്താനാണ് ബിജെപിയും കോണ്‍ഗ്രസും ശ്രമിക്കുന്നത്. രണ്ടുകൂട്ടരും ഒരേ വണ്ടിയില്‍ സഞ്ചരിക്കുന്നു. ശബരിമല പ്രശ്നം തെരഞ്ഞെടുപ്പിനെ ബാധിക്കില്ല.

ജമാഅത്തെ ഇസ്ലാമിയെ മുസ്ലിം ബഹുജനങ്ങള്‍ തള്ളിയ സംഘടനയാണ്. വോട്ടിനായാണ് യുഡിഎഫ് അവരെ കൂടെ കൂട്ടിയതെങ്കില്‍ അത് നടക്കില്ല എന്ന് വ്യക്തമാണ്. എല്ലാവിഭാഗങ്ങളും എല്‍ഡിഎഫിനെ പൂര്‍ണ മനസ്സോടെ അംഗീകരിക്കുന്നു - മുഖ്യമന്ത്രി പറഞ്ഞു.