ആലിന്റെ വീട്ടിലെത്തി മുഖ്യമന്ത്രി; കോഴിക്കോട് സ്ഥാപിക്കുന്ന പ്രത്യേക അവയവദാന കേന്ദ്രത്തിന് ആലിന്റെ പേര്

കോഴിക്കോട് പുതുതായി ആരംഭിക്കുന്ന പ്രത്യേക അവയവദാന മെഡിക്കല്‍ കേന്ദ്രത്തിന് ആലിന്റെ പേര് നല്‍കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. മരണശേഷവും മറ്റുള്ളവര്‍ക്ക് ജീവന്‍ പകര്‍ന്നുനല്‍കിയ ആലിന്റെ സ്മരണ എന്നും നിലനിര്‍ത്തുന്നതാകും സര്‍ക്കാര്‍ തീരുമാനം

author-image
Biju
New Update
alin2

കോഴിക്കോട്:  അവയവദാനത്തിലൂടെ കേരളത്തിന്റെ ഹൃദയം കവന്ന 'മാലാഖ'യായി മാറിയ ആലിന്‍ ഷെറിന്റെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ആലിന്റെ വേര്‍പാടില്‍ മാതാപിതാക്കളുടെയും കുടുംബത്തിന്റെയും വേദനയില്‍ ആശ്വാസം പകരാനെത്തിയ മുഖ്യമന്ത്രി, ആലിനെ കേരളം ഒരിക്കലും മറക്കില്ലെന്നുറപ്പിച്ച പ്രഖ്യാപനവും മടത്തിയാണ് മടങ്ങിയത്. 

കോഴിക്കോട് പുതുതായി ആരംഭിക്കുന്ന പ്രത്യേക അവയവദാന മെഡിക്കല്‍ കേന്ദ്രത്തിന് ആലിന്റെ പേര് നല്‍കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. മരണശേഷവും മറ്റുള്ളവര്‍ക്ക് ജീവന്‍ പകര്‍ന്നുനല്‍കിയ ആലിന്റെ സ്മരണ എന്നും നിലനിര്‍ത്തുന്നതാകും സര്‍ക്കാര്‍ തീരുമാനം. കോഴിക്കോട്ടെ ആലിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ നേരില്‍ കണ്ട മുഖ്യമന്ത്രി ആശ്വാസവാക്കുകള്‍ അറിയിച്ചു. ആലിന്റെ കുടുംബത്തിന്റെ വലിയ മാതൃകയെ അഭിനന്ദിച്ച മുഖ്യമന്ത്രി, അവയവദാന രംഗത്തെ ഈ കേന്ദ്രം ആലിന്റെ പേരില്‍ അറിയപ്പെടുന്നത് നാടിന് വലിയൊരു സന്ദേശമാകുമെന്നും കൂട്ടിച്ചേര്‍ത്തു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. നേരത്തെ ഫേസ്ബുക്ക് കുറിപ്പിലൂടെയും മുഖ്യമന്ത്രി ആലിന്റെ വേര്‍പാടിലെ നൊമ്പരം പങ്കുവച്ചിരുന്നു.

മുഖ്യമന്ത്രിയുടെ കുറിപ്പ്

കോട്ടയത്തുണ്ടായ വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച പത്തുമാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാം എന്ന കുരുന്നിന്റെ വിയോഗം ഏറെ വേദനയുളവാക്കുന്നതാണ്. എത്രയും പ്രിയപ്പെട്ട കുഞ്ഞ് വേര്‍പിരിഞ്ഞതിന്റെ തീരാനോവിനിടയിലും അവളുടെ അവയവങ്ങള്‍ ദാനം ചെയ്യാനായി മുന്നോട്ടുവന്ന ആലിന്റെ മാതാപിതാക്കളുടെ തീരുമാനം മഹത്തരമാണ്. കരള്‍, രണ്ട് വൃക്ക, ഹൃദയവാല്‍വ്, രണ്ട് നേത്ര പടലങ്ങള്‍ എന്നിവ ദാനം ചെയ്യാന്‍ അച്ഛന്‍ അരുണ്‍ എബ്രഹാമും അമ്മ ഷെറിന്‍ ആന്‍ ജോണും തയ്യാറായതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിന്‍ ഷെറിന്‍ മാറി. ഇതുവഴി 5 പേര്‍ക്കാണ് പുതുജീവന്‍ ലഭിച്ചിരിക്കുന്നത്. 

ഹെലികോപ്റ്റര്‍ മുഖേന അവയവങ്ങള്‍ കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനാണ് ആദ്യം ആലോചിച്ചതെങ്കിലും രാത്രിയില്‍ സിവില്‍ ഏവിയേഷന്‍ ഹെലികോപ്റ്റര്‍ ഉപയോഗിക്കാന്‍ അനുവാദമില്ലാത്തതിനാല്‍ റോഡ് മാര്‍ഗം കൊണ്ട് വരാന്‍ തിരുമാനിച്ചു. അതേറ്റവും വേഗത്തില്‍ എത്തിക്കാന്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ എടുത്ത് യാത്ര സുഗമമാക്കിയ പോലീസിനേയും അതിനോട് സഹകരിച്ച ജനങ്ങളേയും അഭിനന്ദിക്കുന്നു. ഇന്നലെ തന്നെ കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കേണ്ടതുള്ളത് കൊണ്ട് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ രാത്രി തന്നെ കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്താനുള്ള പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കി. ആലിനില്‍ നിന്നും സ്വീകരിച്ച അവയവങ്ങള്‍ നിലവില്‍ 2 കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ സാധിച്ചു. അവരുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു എന്ന വിവരമാണ് ആശുപത്രി അധികൃതരില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. ഈ മഹത്തായ ഉദ്യമം വിജയകരമാക്കാന്‍ യത്‌നിച്ച ആരോഗ്യപ്രവര്‍ത്തകര്‍, പോലീസ് , ആംബുലന്‍സ് ഡ്രൈവര്‍ എന്നിവരെ ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ - സ്വകാര്യ മേഖലകള്‍ തമ്മിലുണ്ടായ സഹകരണം എടുത്തു പറയേണ്ട കാര്യമാണ്. അവയവദാന രംഗത്ത് കേരളസമൂഹത്തിന് മുന്നിലായി വലിയൊരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ആലിന്‍ ഷെറിന്റെ മാതാപിതാക്കള്‍. അവരുടെയും ഈ നാടിന്റേയും ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍. ആലിന് നമ്മുടെ നാട് ഔദ്യോഗിക ബഹുമതികള്‍ നല്‍കി യാത്രയാക്കും.